കൂടുതൽ റെയിൽവേ സ്റ്റേഷനുകളിൽ ഇലക്‌ട്രോണിക് ഇന്റർലോക്കിങ് സംവിധാനം

കൂടുതൽ റെയിൽവേ സ്റ്റേഷനുകളിൽ ഇലക്‌ട്രോണിക് ഇന്റർലോക്കിങ് സംവിധാനം

April 12, 2025 0 By BizNews

ആലപ്പുഴ: അപകടസാധ്യത, സിഗ്നല്‍ത്തകരാർ മൂലമുള്ള വൈകല്‍ എന്നിവയില്ലാതാക്കുന്ന ഇലക്‌ട്രോണിക് ഇന്റർലോക്കിങ് സംവിധാനം സംസ്ഥാനത്തെ കൂടുതല്‍ റെയില്‍വേസ്റ്റേഷനുകളില്‍ ഒരുങ്ങി.

റെയില്‍വേ സിഗ്നലിങ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ഡിവിഷനിലെ 60 സ്റ്റേഷനുകളിലാണ് ഇതു സ്ഥാപിക്കുന്നത്. 32 സ്റ്റേഷനുകളില്‍ പൂർത്തിയായി.

നിലവില്‍ പാനല്‍ ഇന്റർലോക്കിങ് സംവിധാനമാണ് ഉപയോഗിക്കുന്നത്. സ്റ്റേഷൻമാസ്റ്ററുടെ മുറിയിലെ പാനല്‍ ബോർഡിലെ സിഗ്നല്‍ സംവിധാനത്തില്‍ മാറ്റം വരുത്തിയാണ് തീവണ്ടികള്‍ നിയന്ത്രിക്കുന്നത്.

കംപ്യൂട്ടർ അധിഷ്ഠിത സംവിധാനമാണ് ഇലക്‌ട്രോണിക് ഇന്റർലോക്കിങ്. ഇതിലേക്കു മാറുന്നതോടെ പാളിച്ചകള്‍ ഇല്ലാതാകും. മനുഷ്യസഹജമായ പിഴവുകളോ പുറത്തുനിന്നുള്ള ഇടപെടലോ സിഗ്നല്‍സംവിധാനത്തെ ബാധിക്കില്ല.

അത്യാവശ്യഘട്ടങ്ങളില്‍ ഉടനടി സിഗ്നലില്‍ മാറ്റംവരുത്താം. അപകട സാഹചര്യമുണ്ടായാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സിഗ്നലില്‍ മാറ്റംവരുത്തി സുരക്ഷിതമാക്കാം. സിഗ്നല്‍ തകരാറുമൂലം സമയക്രമം പാലിക്കാനാകാത്തതിനും പരിഹാരമാകുമെന്നാണു പ്രതീക്ഷ.

തിരുവനന്തപുരം സെൻട്രല്‍, നോർത്ത്, കൊല്ലം ജങ്ഷൻ, ആലപ്പുഴ, കോട്ടയം, എറണാകുളം ജങ്ഷൻ, ടൗണ്‍, തൃശ്ശൂർ, ചേർത്തല, ഹരിപ്പാട് ഉള്‍പ്പെടെയുള്ള സ്റ്റേഷനുകള്‍ ഈ സംവിധാനത്തിലേക്കു മാറിയിട്ടുണ്ട്.

തിരുനെല്‍വേലി മുതല്‍ വള്ളത്തോള്‍ നഗർ വരെയുള്ള റെയില്‍വേസ്റ്റേഷനുകളാണ് തിരുവനന്തപുരം ഡിവിഷനു കീഴില്‍ വരുന്നത്. 103 സ്റ്റേഷനുകളുള്ളതില്‍ 60 ബ്ലോക്ക് സ്റ്റേഷനുകളിലാണ് ഇന്റർലോക്കിങ് സംവിധാനമേർപ്പെടുത്തുന്നത്.