രാജ്യത്തെ വിമാനത്താവളങ്ങള്‍ ഇരട്ടിയാക്കാന്‍ ഇന്ത്യ
July 12, 2024 0 By BizNewsന്യൂഡൽഹി: രാജ്യത്ത് വിമാനയാത്രക്കാരുടെ വര്‍ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് എയര്‍പോര്‍ട്ടുകളുടെ എണ്ണം ഇരട്ടിയാക്കി വര്‍ധിപ്പിക്കും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) കരട് പദ്ധതി പ്രകാരം 2047 ഓടെ വിമാനത്താവളങ്ങളുടെ എണ്ണം 300 ആക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഈ വിപുലീകരണത്തില്‍ നിലവിലുള്ള എയര്‍സ്ട്രിപ്പുകള്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായ വിമാനത്താവളങ്ങളാക്കി നവീകരിക്കുകയും പുതിയവ നിര്‍മ്മിക്കുകയും ചെയ്യുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
ഡ്രാഫ്റ്റ് പ്ലാന്‍ അനുസരിച്ച്, എയര്‍ബസ് എ 320, ബോയിംഗ് 737 പോലുള്ള മോഡലുകള്‍ ഉള്‍പ്പെടെ, നാരോ ബോഡി വിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള എയര്‍പോര്‍ട്ടുകളായി ഏകദേശം 70 എയര്‍സ്ട്രിപ്പുകള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
എയര്‍ സ്ട്രിപ്പ് വികസിപ്പിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളിലോ 50 കിലോമീറ്റര്‍ ചുറ്റളവില്‍ സിവിലിയന്‍ വിമാനത്താവളം നിലവിലില്ലാത്ത സാഹചര്യത്തിലോ പുതിയ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടുകളുടെ നിര്‍മാണം പരിഗണിക്കും.
നിലവില്‍ ഇന്ത്യയില്‍ 138 പ്രവര്‍ത്തനക്ഷമമായ വിമാനത്താവളങ്ങളുണ്ട്. എഎഐയുടെ കരട് ദേശീയ വിമാനത്താവള വികസന പദ്ധതി പ്രകാരം, വാര്‍ഷിക യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, 2047 ആകുമ്പോഴേക്കും ഇത് 3 ബില്യണിനും 3.5 ബില്യണിനും ഇടയിലാകും.
നിലവിലെ യാത്രക്കാരുടെ എണ്ണം 376 ദശലക്ഷത്തിനു മേലെയാണ്.
ഈ കണക്കുകള്‍ വിവിധ അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതൊരു പ്രാഥമിക വിലയിരുത്തലാണ്, ഏതെങ്കിലും കാരണത്താല്‍ സാഹചര്യം മാറുകയാണെങ്കില്‍ നമ്പറുകള്‍ പിന്നീട് മാറാം.
നിലവില്‍ മാന്‍ഡ്വി (ഗുജറാത്ത്), സുല്‍ത്താന്‍പൂര്‍ (ഉത്തര്‍പ്രദേശ്), ടുറ (മേഘാലയ), ചിന്ദ്വാര (മധ്യപ്രദേശ്) എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന എയര്‍ സ്ട്രിപ്പുകള്‍ ചെറിയ വിമാനങ്ങളുടെ പ്രവര്‍ത്തനത്തിന് അനുയോജ്യമായ വിമാനത്താവളങ്ങളാക്കി മാറ്റാന്‍ കഴിയുമെന്ന് ഡ്രാഫ്റ്റ് സൂചിപ്പിക്കുന്നു.
കൂടാതെ, കോട്ട (രാജസ്ഥാന്‍), പരന്തൂര്‍ (തമിഴ്‌നാട്), കോട്ടയം (കേരളം), പുരി (ഒഡീഷ), പുരന്ദര്‍ (മഹാരാഷ്ട്ര), കൂടാതെ ആന്‍ഡമാനിലെ കാര്‍ നിക്കോബാര്‍, മിനിക്കോയ് ദ്വീപുകളിലും പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ സ്ഥാപിക്കാനും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.