ബില്യണ്‍ ഡോളര്‍ മൂല്യമുള്ള റിയല്‍റ്റി കമ്പനികളുടെ എണ്ണത്തില്‍ ചൈനയെ പിന്തള്ളി ഇന്ത്യ
July 12, 2024 0 By BizNewsന്യൂഡൽഹി: ബില്യണ്‍ ഡോളര്‍ മൂല്യമുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ എണ്ണത്തില്‍ ആദ്യമായി ചൈനയെ പിന്തള്ളി ഇന്ത്യ. 2024 ഗ്രോഹെ-ഹൂറണ്‍ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് 100 റിപ്പോര്‍ട്ട് അനുസരിച്ച്, രാജ്യത്ത് ഇപ്പോള്‍ ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 36 റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളുണ്ട്.
ആറ് വര്‍ഷം മുമ്പ് ഏഴ് ബില്യണ്‍ ഡോളര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികളാണ് ഇന്ത്യയിലുണ്ടായിരുന്നത്.
ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ റിയല്‍ എസ്റ്റേറ്റ് കമ്പനികളെയാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഹുറണ്‍ ഇന്ത്യയുടെ സ്ഥാപകനും മുഖ്യ ഗവേഷകനുമായ അനസ് റഹ്മാന് ജുനൈദ്, ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ശ്രദ്ധേയമായ വളര്‍ച്ചയും വീണ്ടെടുക്കലും റിപ്പോര്‍ട്ടില്‍ എടുത്തുകാണിച്ചു.
”ഈ വര്‍ഷത്തെ ലിസ്റ്റിലെ ശ്രദ്ധേയമായ 86% കമ്പനികളുടെയും മൂല്യങ്ങള്‍ വര്‍ധിച്ചു, മൊത്തത്തില്‍ 6.2 ലക്ഷം കോടി രൂപ കൂട്ടിച്ചേര്‍ത്തു. ഈ മേഖലയുടെ ശക്തമായ വളര്‍ച്ചയും ചലനാത്മകമായ വീണ്ടെടുക്കലും ഇത് കാണിക്കുന്നു,’ അനസ് റഹ്മാന് ജുനൈദ് പറഞ്ഞു.
സര്‍ക്കാരിന്റെ നിയന്ത്രണങ്ങളും ഡിമാന്‍ഡിലെ മാന്ദ്യവും കാരണം റിയല്‍റ്റി മേഖലയില്‍ ചൈന കാര്യമായ വിപണി വെല്ലുവിളികള്‍ നേരിടുന്നു. യുവജനസംഖ്യ, വര്‍ദ്ധിച്ചുവരുന്ന നഗരവല്‍ക്കരണം, വളര്‍ന്നുവരുന്ന മധ്യവര്‍ഗം എന്നിവയാണ് ഇന്ത്യക്ക് ഗുണകരമായത്.
റെറ ആക്റ്റ് നടപ്പിലാക്കിയത് സുതാര്യതയും ഉത്തരവാദിത്തവും കൂടുതല്‍ മെച്ചപ്പെടുത്തി. ഇതിലൂടെ നിക്ഷേപകരുടെ ആത്മവിശ്വാസവും വര്‍ധിച്ചു. ഇതിനു വിപരീതമായി, ചൈനയുടെ മാര്‍ക്കറ്റ് അമിത വിതരണം, ഡെവലപ്പര്‍മാര്‍ക്കിടയിലെ ഉയര്‍ന്ന കടബാധ്യത, കര്‍ശനമായ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എന്നിവയുമായി പൊരുതുന്നു.
ചൈനയിലെ ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ലിസ്റ്റ് ചെയ്ത കമ്പനികളുടെ എണ്ണം 100ല്‍ നിന്ന് വെറും 30 ആയി കുറഞ്ഞു.
ഹുറുണ്‍ പുറത്തുവിട്ട പട്ടികയില്‍ 2 ലക്ഷം കോടി രൂപ മൂല്യമുള്ള ഡിഎല്‍എഫ്, 1.4 ലക്ഷം കോടി രൂപ വിലയുള്ള മാക്രോടെക് ഡെവലപ്പേഴ്സ്, 79150 കോടി രൂപയുമായി താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (ഐഎച്ച്സിഎല്‍) എന്നിവയാണ് ആദ്യ സ്ഥാനങ്ങളില്‍.
അദാനി റിയല്‍റ്റി 56,500 കോടി രൂപ മൂല്യവുമായി ഏഴാം സ്ഥാനത്തെത്തി ആദ്യമായി ആദ്യ പത്തില്‍ പ്രവേശിച്ചു. പട്ടികയിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റ് ചെയ്യപ്പെടാത്ത റിയല്‍ എസ്റ്റേറ്റ് കമ്പനി കൂടിയാണ് അദാനി റിയല്‍റ്റി.