ക്വിക്ക് കൊമേഴ്സ് വെല്ലുവിളിയാകുന്നു; ചെറുകിട കച്ചവട മേഖലയെ തകർക്കുമെന്ന് ആശങ്ക

ക്വിക്ക് കൊമേഴ്സ് വെല്ലുവിളിയാകുന്നു; ചെറുകിട കച്ചവട മേഖലയെ തകർക്കുമെന്ന് ആശങ്ക

November 25, 2024 0 By BizNews
Quick Commerce is challenging; Concerned that it will destroy the small business sector

കൊച്ചി: ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ അതിവേഗം അവശ്യസാധനങ്ങളെത്തിക്കുന്ന ഓണ്‍ലൈൻ ക്വിക്ക് കൊമേഴ്‌സ് കമ്പനികള്‍ക്കെതിരെ ഫാസ്‌റ്റ് മൂവിംഗ് കണ്‍സ്യൂമർ ഗുഡ്സ് (എഫ്.എം.സി.ജി) വിതരണക്കാരും ചെറുകിട കച്ചവടക്കാരും കൈകോർക്കുന്നു.

ഓഹരി, കടപ്പത്ര വില്‍പ്പനകളിലൂടെ ഈ കമ്പനികള്‍ കുറഞ്ഞ ചെലവില്‍ വിപണിയില്‍ നിന്ന് സമാഹരിക്കുന്ന പണം റീട്ടെയില്‍ മേഖലയുടെ നിലനില്‍പ്പിനെ അവതാളത്തിലാക്കുന്ന രീതിയില്‍ ഉപയോഗിക്കുകയാണെന്ന് ആരോപിച്ച്‌ എഫ്.എം.സി.ജി ഡീലർമാരുടെ സംഘടന കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രാലയത്തിന് കത്ത് നല്‍കി.

ബിസിനസ് വികസനത്തിനായി സമാഹരിക്കുന്ന തുക ഓണ്‍ലൈൻ റീട്ടെയില്‍ ശൃംഖലകള്‍ ഉപഭോക്താക്കള്‍ക്ക് വില ഇളവുകള്‍ നല്‍കാനാണ് ഉപയോഗിക്കുന്നതെന്ന് ആള്‍ ഇന്ത്യ കണ്‍സ്യൂമർ പ്രോഡക്‌ട്സ് ഡിസ്ട്രിബ്യൂഷൻ ഫെഡറേഷൻ ആരോപിക്കുന്നു.

റീട്ടെയില്‍ മേഖലയില്‍ പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും പകരം ചെറുകിട കച്ചവടക്കാരെയും കിരാന ഷോപ്പുകളെയും തകർക്കാനാണ് ഈ തുക ഉപയോഗിക്കുന്നത്.

രാജ്യത്തെ വൻകിട ഡിജിറ്റല്‍ ഭക്ഷ്യ ഉത്‌പന്ന വിതരണ സ്ഥാപനങ്ങളായ സൊമാറ്റോ, സ്വിഗി, സെപ്‌റ്റോ തുടങ്ങിയവ അതിവേഗ ഉത്പന്ന ഡെലിവറി സംവിധാനവുമായി റീട്ടെയില്‍ വിപണിയില്‍ മികച്ച മുന്നേറ്റം നടത്തുന്നതാണ് ചെറുകിട വ്യാപാരികളെ ആശങ്കയിലാക്കുന്നത്.

ക്വിക്ക് കൊമേഴ്സ്
അതിവേഗത്തില്‍ ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ വിവിധ ഉത്പന്നങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ ലഭ്യമാക്കുന്ന ഇ കൊമേഴ്‌സ് സംവിധാനമാണ് ക്വിക്ക് കൊമേഴ്‌സ്.

പ്രധാന കമ്പനികള്‍

  • സൊമാറ്റോയുടെ ബ്ളിങ്കിറ്റ്
  • സ്വിഗി ഇൻസ്‌റ്റാമാർട്ട്
  • സെപ്‌റ്റോ
  • ടാറ്റയുടെ ബിഗ്‌ബാസ്‌ക്കറ്റ്
  • ഫ്ളിപ്പ്‌കാർട്ട് മിനിട്ട്‌സ്

കുത്തകവല്‍ക്കരണം ശക്തമാകുന്നു
രാജ്യത്തെ റീട്ടെയില്‍ വിപണിയുടെ നിയന്ത്രണം പൂർണമായും വൻകിട കോർപ്പറേറ്റുകള്‍ക്ക് ലഭിക്കുന്ന തരത്തിലാണ് ക്വിക്ക് കൊമേഴ്സ് വില്‍പ്പനയിലെ വളർച്ച നീങ്ങുന്നത്.

സാധാരണ കച്ചവട സ്ഥാപനങ്ങള്‍ക്ക് സ്വപ്‌നം കാണാനാവാത്ത വിലക്കിഴിവും ആനുകൂല്യങ്ങളുമാണ് ഇവർ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഇതിനെതിരെ കോമ്ബറ്റീഷൻ കമ്മീഷനും മറ്റ് സർക്കാർ ഏജൻസികള്‍ക്കും വിതരണക്കാരുടെ സംഘടന പരാതി നല്‍കിയിട്ടുണ്ട്.
ലയുന്നത് 8 കോടി ചെറുകിട കച്ചവടക്കാർ.

സൊമാറ്റോയുടെ മേധാവിത്തം
ക്വിക്ക് കൊമേഴ്‌സ് വിപണിയില്‍ 46 ശതമാനം വിപണി വിഹിതവുമായി സൊമാറ്റയുടെ ബ്ളിങ്കിറ്റാണ് താരമാകുന്നത്. 29 ശതമാനം വിഹിതവുമായി സെപ്‌റ്റോയും 25 ശതമാനവുമായി സ്വിഗി ഇൻസ്‌റ്റയും തൊട്ടുപിന്നിലുണ്ട്.