കയറ്റുമതി സാധ്യത തേടി റബര്‍ ബോര്‍ഡ്
March 13, 2024കോട്ടയം: റബറിന്റെ രാജ്യാന്തര വിലയിലുണ്ടായ വർധന മുതലെടുക്കാൻ റബര്‍ ബോര്‍ഡ് ഇടപെടൽ. രാജ്യത്ത് വില കുറഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ കയറ്റുമതി സാധ്യതകൾ പരിശോധിക്കാൻ ബോർഡ് യോഗം വിളിച്ചു. റബര്‍ കയറ്റുമതിക്കാരുടെയും റബർ ബോര്‍ഡ് കമ്പനികളുടെയും യോഗം വെള്ളിയാഴ്ച രാവിലെ 11ന് ബോര്‍ഡ് ആസ്ഥാനത്ത് ഹൈബ്രിഡ് മോഡില്‍ നടത്താനാണ് തീരുമാനം.
ബോര്‍ഡ് എക്സിക്യൂട്ടിവ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിൽ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഷീറ്റ് റബറിന്റെ വിവിധ ഗ്രേഡുകളുടെ കയറ്റുമതി സാധ്യതകള്‍ പരിശോധിക്കുകയും ചെയ്യുമെന്ന് റബർ ബോർഡ് അറിയിച്ചു.
റബർ കയറ്റുമതിക്ക് ഇന്‍സെന്റിവ് നല്‍കുന്നുണ്ടെങ്കിലും രാജ്യത്തുനിന്നുള്ള കയറ്റുമതി നാമമാത്രമാണ്. നിലവിലെ സാഹചര്യത്തിൽ ഇത് വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. കഴിഞ്ഞ ജനുവരി മുതൽ ആഭ്യന്തര വിലയെക്കാൾ ഉയർന്നനിലയിലാണ് രാജ്യാന്തര വില. നിലവില്‍ ആഭ്യന്തര-രാജ്യാന്തര വിലകള്‍ തമ്മിലെ അന്തരം 42 രൂപയാണ്. ചൊവ്വാഴ്ച ബാങ്കോക്ക് വില 217.43 രൂപയും റബര്‍ ബോര്‍ഡ് വില 175 രൂപയുമായിരുന്നു.
തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ശൈത്യകാലവും നവംബര്‍- ഡിസംബര്‍ മാസങ്ങളിലെ പ്രതികൂല കാലാവസ്ഥയുമാണ് റബര്ക്ഷാമത്തിനും രാജ്യാന്തര വില ഉയര്‍ച്ചക്കും കാരണം. ഇതോടെ, കയറ്റുമതിക്ക് ആവശ്യമായ ഇടപെടലുകള്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
അതിനിടെ, രാജ്യത്ത് റബറുൽപാദനം വർധിച്ചതായാണ് കണക്കുകൾ. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള റബറുൽപാദനം മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്നതിനെക്കാള്‍ കൂടുതലാണ്.
2022-23 ഏപ്രില്‍ -ജനുവരി കാലയളവിലെ ആഭ്യന്തര ഉൽപാദനം 7,25,000 മെട്രിക് ടണ്ണായിരുന്നു. ഈ സാമ്പത്തികവര്‍ഷം അത് 7,39,000 മെട്രിക് ടണ്ണായി വര്‍ധിച്ചു. 2023-24 ഏപ്രില്‍-ജനുവരി കാലയളവിൽ റബർ ഉപഭോഗം 5.4 ശതമാനം വര്‍ധിച്ച് 1,17,900 മെട്രിക് ടണ്ണിലെത്തി. ഇതേ കാലയളവിൽ ഇന്ത്യ 4,10,770 മെട്രിക് ടണ്‍ റബര്‍ ഇറക്കുമതി ചെയ്തു. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11.2 ശതമാനം കുറവാണ്.