ഓഫിസുകൾ പൂട്ടി ബൈജൂസ്; ഇനി വീട്ടിലിരുന്ന് പണിയെടുത്താൽ മതിയെന്ന് നിർദേശം

ഓഫിസുകൾ പൂട്ടി ബൈജൂസ്; ഇനി വീട്ടിലിരുന്ന് പണിയെടുത്താൽ മതിയെന്ന് നിർദേശം

March 12, 2024 0 By BizNews

എജ്യു–ടെക് സ്ഥാപനമായ ബൈജൂസിന്‍റെ ഓഫിസുകൾ പൂട്ടുന്നു. ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്ന് കമ്പനി വ്യക്തമാക്കി. ബംഗളൂരുവിലെ ആസ്ഥാനം ഒഴികെയുള്ള ഓഫിസുകളാണ് പൂട്ടുന്നതെന്നാണ് റിപ്പോർട്ടുകൾ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലാണ് ഈ ചെലവ് ചുരുക്കൽ നടപടി. ബൈജൂസിന്‍റെ ഇന്ത്യ സി.ഇ.ഒ അർജുൻ മോഹന്‍റെ പുനഃക്രമീകരണ പദ്ധതിയുടെ ഭാഗമായാണ് കമ്പനി ഈ തീരുമാനമെടുത്തത്. ഡൽഹി, ഗുരുഗ്രാം, മുംബൈ, പുണെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ഇരുപതിലധികം ഓഫിസുകൾ ഇത്തരത്തിൽ പൂട്ടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കമ്പനിയിലെ 14,000 ജീവനക്കാരോട് വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്. ആസ്ഥാന ഓഫിസിലെ ജീവനക്കാരും ബൈജൂസ് ട്യൂഷൻ സെന്‍ററുകളിലെ മുന്നൂറോളം ജീവനക്കാരും ഒഴികെ മറ്റെല്ലാവരും വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറും. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓഫിസുകൾ ഒഴിഞ്ഞുകൊണ്ടിരിക്കുകയാണെന്നും ലീസ് കരാറുകൾ പുതുക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കി.

ഓൺലൈൻ പഠന സേവനങ്ങളുടെ കുറഞ്ഞ ഡിമാൻഡും വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടിങ് കുറയുന്നതും കാരണം തിരിച്ചടി നേരിട്ട ബൈജൂസ് കഴിഞ്ഞ 12 മാസത്തിനിടെ നിരവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. സാമ്പത്തിത പ്രതിസന്ധിയെ തുടർന്ന് 75 ശതമാനം ജീവനക്കാർക്കും ഫെബ്രുവരി മാസത്തിലെ ശമ്പളത്തിന്‍റെ വിഹിതം തടഞ്ഞുവച്ചിരിക്കുന്ന ഘട്ടത്തിലാണ് കമ്പനിയുടെ പുതിയ നീക്കം. സാഹചര്യങ്ങൾ കണക്കിലെടുത്ത് ബദൽ ഫണ്ട് ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.