ഗുജറാത്തിൽ രണ്ട് ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് ഗൗതം അദാനി
January 10, 2024അഹമ്മദാബാദ്: ഗുജറാത്തിൽ രണ്ട് ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഗ്രീൻ എനർജിയിൽ രണ്ട് ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്നാണ് ഗൗതം അദാനിയുടെ പ്രഖ്യാപനം. വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിക്ഷേപം നേരിട്ടും അല്ലാതെയും ഒരു ലക്ഷത്തോളം തൊഴിലുകൾ സൃഷ്ടിക്കുമെന്നും അദാനി അവകാശപ്പെട്ടു. കഴിഞ്ഞ വർഷത്തേ വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തിൽ 55,000 കോടിയുടെ നിക്ഷേപം നടത്തുമെന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നത്. അതിൽ 50,000 കോടിയുടെ നിക്ഷേപം ഇതുവരെ നടത്തിയെന്നും ഗൗതം അദാനി അറിയിച്ചു. നിക്ഷേപം മൂലം നേരിട്ടും അല്ലാതെയും 25,000 തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടുവെന്നും അദാനി പറഞ്ഞു.
നിലവിൽ ഗുജറാത്തിലെ കച്ചിൽ ഗ്രീൻ എനർജി പാർക്കിന്റെ നിർമാണത്തിലാണ് കമ്പനി. 30 ജിഗാവാട്ട് ശേഷിയുള്ള 25 സ്വകയർ കിലോ മീറ്ററിൽ പരന്നുകിടക്കുന്ന ഗ്രീൻ എനർജി പാർക്കാണ് നിർമിക്കുന്നത്. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി കുടുതൽ ഗ്രീൻ എനർജി ഇക്കോസിസ്റ്റം വികസിപ്പിക്കാനുള്ള ശ്രമമാണ് നത്തുന്നതെന്നും അദാനി അവകാശപ്പെട്ടു.
നേരത്തെ ബ്ലുംബർഗിന്റെ സമ്പന്നരുടെ പട്ടികയിൽ ഗൗതം അദാനി മുകേഷ് അംബാനിയെ മറികടന്നിരുന്നു. നിലവിൽ 97.6 ബില്യൺ ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. ഏഷ്യയിലേയും ഇന്ത്യയിലേയും അതിസമ്പന്നൻ ഇപ്പോൾ ഗൗതം അദാനിയാണ്.