ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിൽ വില ഡിസ്കൗണ്ട് കൂട്ടി റഷ്യ
September 27, 2023 0 By BizNewsന്യൂഡൽഹി: ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിൽ വില ഡിസ്കൗണ്ട് 25 മുതൽ 50 ശതമാനം വർദ്ധിപ്പിച്ച് റഷ്യ. ഈ മാസം ബാരലിന് 5 മുതൽ 6 ഡോളർ വരെ കിഴിവാണ് വരുത്തിയിരിക്കുന്നത്. ഇന്ത്യൻ എണ്ണക്കമ്പനികൾക്കുള്ള ഡിസ്കൗണ്ട് ബാരലിന് 3-4 ഡോളറായി അടുത്തിടെ റഷ്യ കുറച്ചിരുന്നു.
എണ്ണ ഇറക്കുമതിക്കായി നടന്ന ചർച്ചകളിൽ കിഴിവ് വെട്ടിക്കുറയ്ക്കാനുള്ള റഷ്യയുടെ തീരുമാനത്തെ ഇന്ത്യൻ കമ്പനികൾ എതിർക്കുകയും ചെയ്തു. ഇതോടെ ക്രൂഡോയിലിന് മറ്റുരാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് ഇന്ത്യൻ എണ്ണക്കമ്പനികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ ഡിസ്കൗണ്ട് വീണ്ടും കൂട്ടിയത്.
ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയിൽ ഈടാക്കിയിരുന്ന പ്രീമിയം കഴിഞ്ഞ ദിവസം സൗദി അറേബ്യയും വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ വർഷം ഏകദേശം ബാരലിന് 10 ഡോളറായിരുന്ന പ്രീമിയം തുക സൗദി 3.5 ഡോളറായാണ് കുറച്ചത്.
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ കൂടുതലായി വാങ്ങാൻ തുടങ്ങിയതോടെയാണ് സൗദി ഇത് വെട്ടികുറച്ചത്.
ആഗോള ക്രൂഡ് വില കുതിച്ചുയരുന്ന സാഹചര്യത്തിൽ കിഴിവുകൾ വർദ്ധിപ്പിച്ചത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും.
അതിനിടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് നിലവിലെ 93 ഡോളറിൽ നിന്ന് 2024ൽ ബാരലിന് 90-110 ഡോളറും 2025ൽ ബാരലിന് 100 ഡോളറിനും 120 ഡോളറിനും ഇടയിലായിലും 2026 ഓടെ ബാരലിന് 150 ഡോളറായി ഉയരുമെന്നും ജെ.പി മോർഗൻ മുന്നറിയിപ്പ് നൽകി.