എണ്ണവില ഉയർന്നു; ഇന്ത്യക്ക് വിലക്കുറവിൽ ​ക്രൂഡോയിൽ നൽകി റഷ്യ

എണ്ണവില ഉയർന്നു; ഇന്ത്യക്ക് വിലക്കുറവിൽ ​ക്രൂഡോയിൽ നൽകി റഷ്യ

September 5, 2023 0 By BizNews

ന്യൂഡൽഹി: ആഗോള വിപണിയിൽ എണ്ണയുടെ ഭാവി വിലകൾ ഉയർന്നു. സൗദി അറേബ്യയും റഷ്യയും എണ്ണവിതരണം നിയന്ത്രിക്കാനൊരുങ്ങിയതോടെയാണ് എണ്ണവിലയും ഉയർന്നത്. ബ്രെന്റ് ക്രൂഡിന്റെ ഭാവിവില 1.21ഡോളർ ഉയർന്ന് ബാരലിന് 90.21 ഡോളറിലെത്തി. കഴിഞ്ഞ വർഷം നവംബറിന് ശേഷം ഇതാദ്യമായാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില 90 ഡോളർ പിന്നിടുന്നത്.

യു.എസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ ഭാവി വില 1.59 ഡോളർ ഉയർന്ന് 87.14 ഡോളറിലെത്തി. അടുത്ത മൂന്ന് മാസത്തേക്ക് എണ്ണ വിതരണത്തിൽ പ്രതിദിനം ഒരു മില്യൺ ബാരലിന്റെ കുറവ് വരുത്തുമെന്നാണ് സൗദി അറിയിച്ചിരിക്കുന്നത്. ഓരോ മാസവും യോഗം ചേർന്ന് ഇതിൽ പുനഃപരിശോധന വേണമെന്നോയെന്നും നോക്കും. കയറ്റുമതിയിൽ 30 ലക്ഷം ബാരലിന്റെ കുറവ് വരുത്താൻ റഷ്യ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഇതാണ് എണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നത്.

അതേസമയം, റഷ്യയിൽ നിന്ന് ഇന്ത്യക്ക് ഇപ്പോഴും കുറഞ്ഞ വിലയിൽ എണ്ണ ലഭിക്കുന്നുണ്ട്. ബാരലിന് 68.09 ഡോളറിനാണ് ജൂലൈയിൽ റഷ്യ ഇന്ത്യക്ക് എണ്ണ നൽകിയത്. യുക്രെയ്ൻ അധിനിവേശത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും കുറഞ്ഞ തുകക്ക് റഷ്യ ഇന്ത്യക്ക് എണ്ണ നൽകുന്നത്.