ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ വൻ ഇടിവ്
November 23, 2024 0 By BizNewsകൊച്ചി: അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവ് തടയുന്നതിനായി വിപണിയില്‍ ഇടപെട്ടതിനാല്‍ റിസർവ് ബാങ്കിന്റെ വിദേശ നാണയ ശേഖരത്തില്‍ കനത്ത ഇടിവുണ്ടായി.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതിന് ശേഷം ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളർ തുടർച്ചയായി കരുത്ത് നേടുന്നതാണ് റിസർവ് ബാങ്കിന് വെല്ലുവിളി സൃഷ്‌ടിക്കുന്നത്.
ഒക്‌ടോബർ 15ന് അവസാനിച്ച വാരത്തില്‍ വിദേശ നാണയ ശേഖരം 1,780 കോടി ഡോളർ കുറഞ്ഞ് 65,789 കോടി ഡോളറായി. ഇരുപത്തിയാറ് വർഷത്തിനിടെ ഒരു വാരത്തില്‍ വിദേശ നാണയ ശേഖരത്തിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. ആറാഴ്ചയ്ക്കിടെ വിദേശ ശേഖരത്തില്‍ 3,000 കോടി ഡോളറിന്റെ ഇടിവാണുണ്ടായത്.
വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയില്‍ നിന്ന് വൻതോതില്‍ പണം പിൻവലിച്ചതോടെ രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാൻ റിസർവ് ബാങ്ക് വലിയ തോതില്‍ ഡോളർ വിറ്റഴിച്ചതാണ് തിരിച്ചടിയായത്.