അദാനി ഗ്രൂപ്പിന്റെ ധനസമാഹരണത്തിന് വെല്ലുവിളി

അദാനി ഗ്രൂപ്പിന്റെ ധനസമാഹരണത്തിന് വെല്ലുവിളി

November 23, 2024 0 By BizNews

കൊച്ചി: അമേരിക്കയില്‍ ഗൗതം അദാനിക്കെതിരെയുള്ള കുറ്റപത്രവും അറസ്‌റ്റ് വാറണ്ടും അദാനി ഗ്രൂപ്പിന്റെ ധന സമാഹരണത്തെ പ്രതികൂലമായി ബാധിച്ചേക്കും.

സൗരോർജ കരാർ നേടുന്നതിന് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നല്‍കിയതുള്‍പ്പെടെയുളള നിർണായക വിവരങ്ങള്‍ മറച്ച്‌ വെച്ച്‌ അമേരിക്കൻ നിക്ഷേപകരില്‍ നിന്ന് കടപ്പത്ര വില്‍പ്പനയിലൂടെ പണം സമാഹരിച്ച്‌ വഞ്ചിച്ചുവെന്ന പേരിലാണ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് കമ്മീഷൻ(എസ്.ഇ.സി) കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷൻ നടപടിയെ തുടർന്ന് 60 കോടി ഡോളറിന്റെ കടപ്പത്ര വില്‍പ്പന അദാനി ഗ്രൂപ്പ് നിറുത്തിവെച്ചിരുന്നു. രണ്ടു ദിവസമായി അദാനി ഗ്രൂപ്പിന്റെ ബോണ്ടുകള്‍ കനത്ത വിലയിടിവാണ് ആഗോള വിപണികളില്‍ നേരിട്ടത്.

പുതിയ സംഭവ വികാസങ്ങള്‍ വൈദ്യുതി വിതരണം, തുറമുഖ നിർമ്മാണം തുടങ്ങിയ മേഖലകളിലെ വികസനത്തിന് പണം കണ്ടെത്താനുള്ള അദാനി ഗ്രൂപ്പിന്റെ പദ്ധതികളെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് പ്രമുഖ ഏജൻസികള്‍ പറയുന്നു. അദാനി ഗ്രീൻ എനർജിയുടെ ബോണ്ട് വില്‍പ്പനയും തടസപ്പെടാൻ ഇടയുണ്ട്.

അദാനി കമ്പനികള്‍ക്ക് വായ്പ നല്‍കിയിട്ടുള്ള ആഗോള ബാങ്കുകള്‍ ഭാവിയില്‍ അധിക പണം അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയെന്നും വാർത്തകളുണ്ട്.

വമ്ബൻ വളർച്ച ലക്ഷ്യമിടുന്ന ഗ്രൂപ്പിന് ഓഹരി, കടപ്പത്ര വിപണികളില്‍ നിന്ന് തുടർച്ചയായി പണം സമാഹരിക്കേണ്ടതുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ നിക്ഷേപകരെ ലഭിക്കാൻ പ്രയാസമാണെന്ന് പ്രമുഖ റേറ്റിംഗ് ഏജൻസിയായ എസ്. ആൻഡ് പി മുന്നറിയിപ്പ് നല്‍കുന്നു.

പ്രതികൂലം

  1. അടിസ്ഥാന സൗകര്യ വികസനത്തിനും വിപുലീകരണത്തിനും അധിക നിക്ഷേപത്തിന് പണം കണ്ടെത്താൻ പുതിയ മാർഗങ്ങള്‍ തേടേണ്ടിവരും
  2. വിദേശ വിപണികളില്‍ കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നതിനും വിദേശ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നതിനും പരിമിതികളുണ്ടാകും
  3. ഗ്രൂപ്പ് കമ്പനികളുടെ നിലവിലുള്ള നിർമ്മാണ പ്രവർത്തനങ്ങളെ പണ ദൗർലഭ്യം പ്രതികൂലമായി ബാധിച്ചേക്കും