7 മാസത്തില്‍ 100 ശതമാനം ഉയര്‍ന്ന് പേടിഎം

7 മാസത്തില്‍ 100 ശതമാനം ഉയര്‍ന്ന് പേടിഎം

June 15, 2023 0 By BizNews

മുംബൈ: 7 മാസത്തില്‍ 100 ശതമാനം ഉയര്‍ന്നിരിക്കയാണ് പേടിഎം പാരന്റിംഗ് കമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍സിന്റെ ഓഹരി. വ്യാഴാഴ്ച 52 ആഴ്ച ഉയരമായ 893.30 രൂപയിലേയ്ക്ക് സ്റ്റോക്ക് കുതിച്ചു. 2022 നവംബര്‍ 4 ന് കുറിച്ച 439.60 രൂപയാണ് 52 ആഴ്ച താഴ്ച.

അതിന് ശേഷം 104 ശതമാനം ഉയര്‍ന്നു. ആനന്ദ് രതിയിലെ ജിഗര്‍ എസ് പട്ടേല്‍ പറയുന്നതനുസരിച്ച് ഓഹരിയുടെ ആര്‍എസ്ഐ ബുള്ളിഷ് മൊമന്റമാണ് കാണിക്കുന്നത്. 860-880 രൂപയില്‍ ഓഹരി വാങ്ങി, 1020 രൂപയില്‍ ഓഹരി വില്‍ക്കാവുന്നതാണ്.

സ്റ്റോപ് ലോസ് 795 രൂപ. നാലാംപാദ വരുമാനം 52 ശതമാനം ഉയര്‍ത്തി 2335 കോടി രൂപയാക്കാന്‍ പേടിഎമ്മിനായിരുന്നു. അറ്റ നഷ്ടം 763 കോടി രൂപയില്‍ നിന്നും 168 കോടി രൂപയാക്കി ചുരുക്കാനും സാധിച്ചു. പെയ്മന്റ് സേവന വരുമാനം 41 ശതമാനമാണ് കൂടിയത്.

1467 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ പെയ്മന്റ് സേവന വരുമാനം. പേടിഎമ്മിന്റെ മൊത്ത വ്യാപാര മൂല്യം (GMV) 40 ശതമാനം വര്‍ധിച്ച് 3.62 ലക്ഷം കോടി രൂപയായി. 68 ലക്ഷം വ്യാപാരികള്‍ ഡിവൈസ് സബ്‌സ്‌ക്രിപ്ഷനായി പണമടച്ചതോടെ സബ്‌സ്‌ക്രിപ്ഷന്‍ വരുമാനം ഉയര്‍ന്നു.

നേരത്തെ 29 ലക്ഷം വ്യാപാരികളാണുണ്ടായിരുന്നത്. ക്രെഡിറ്റ് വിതരണ ബിസിനസ് 1.2 കോടി വായ്പ വിതരണം ചെയ്തു. 82 ശതമാനം വാര്‍ഷിക വര്‍ദ്ധനവാണിത്. മൂല്യം 12554 കോടി രൂപ.

2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ അറ്റ പേയ്‌മെന്റ് മാര്‍ജിന്‍ 158 ശതമാനം വര്‍ദ്ധിച്ച് 687 കോടി രൂപയായും നെറ്റ് പേയ്‌മെന്റ് മാര്‍ജിന്‍ 554 കോടി രൂപയായും വര്‍ദ്ധിച്ചിട്ടുണ്ട്. ഇതോടെ പെയ്മന്റ് വിഭാഗം ലാഭം മെച്ചപ്പെടുത്തി.

2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റ പേയ്‌മെന്റ് മാര്‍ജിന്‍ 2.9 മടങ്ങ് ഉയര്‍ന്ന് 1,970 കോടി രൂപ.