കടകളില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്; സര്‍ക്കാര്‍ നിബന്ധനകള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കടകളില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്; സര്‍ക്കാര്‍ നിബന്ധനകള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

August 7, 2021 0 By BizNews

കൊച്ചി: കടകളില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നതുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിബന്ധനകള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. മരുന്നുകളോട് അലര്‍ജി ഉള്ളവര്‍ക്ക് ടെസ്റ്റ് ഡോസ് എടുത്ത് വാക്‌സിന്‍ സ്വീകരിക്കാന്‍ സംവിധാനമില്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ചാലക്കുടി സ്വദേശി പോളി വടക്കന്‍ ഹൈക്കോടതിയെ സമീപിച്ചത്.

 അലര്‍ജിയുളള ഹര്‍ജിക്കാരന് ഏത് ഇംഗ്ലീഷ് മരുന്ന് സ്വീകരിക്കുന്നതിന് മുന്‍പും ടെസ്റ്റ് ഡോസ് സ്വീകരിക്കേണ്ടതുണ്ട്. വാക്‌സിന്‍ ടെസ്റ്റ് ഡോസ് ലഭിക്കുമോ എന്നറിയാന്‍ വിവിധ ആശുപത്രികളെ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ പ്രത്യേകം മാര്‍ഗ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി. ഇത് കാണിച്ച് ഡിഎംഒയ്‌ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അലര്‍ജി പ്രശ്‌നമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനാകില്ലെന്നാണ് ആശുപത്രികളുടെ നിലപാട്.

സര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദ്ദേശപ്രകാരം വാക്‌സിന്‍ എടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍ക്ക് മാത്രമാണ് കടയിലോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കോ പുറത്തിറങ്ങാന്‍ സാധിക്കുന്നത്. 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും, കൊറോണ വന്നുമാറി ഒരു മാസം പൂര്‍ത്തിയായവര്‍ക്കും ഇളവുകളുണ്ട്. എല്ലാ ദിവസവും ആര്‍ടിപിസിആര്‍ എടുക്കുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യം ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ അണ്‍ലോക് കൊറോണ മാനദണ്ഡങ്ങള്‍ ഭരണഘടന വിരുദ്ധവും മൗലിക അവകാശത്തെ ഹനിക്കുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു.അലര്‍ജി പ്രശ്‌നമുള്ള ധാരാളം പേര്‍ സമൂഹത്തിലുണ്ട്. ഇവര്‍ എങ്ങനെ വാക്‌സിന്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പറയണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു