യൂറോപിനു പിറകെ മഹാപ്രളയത്തില്‍ മുങ്ങി ചൈനയും; നിരവധി മരണം
July 22, 2021 0 By BizNewsബെയ്ജിങ്: മഹാപ്രളയം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളെ ഭീതിയുടെ മുനയില്‍നിര്‍ത്തുന്നത് തുടരുന്നു. ചൈനയില്‍ ജനസാന്ദ്രത കൂടുതലുള്ള ഹെനാന്‍ പ്രവിശ്യയിലെ ഷെങ്സൂവിലാണ് ഏറ്റവുമൊടുവില്‍ തുടര്‍ച്ചയായ കനത്ത മഴയില്‍ ഇരച്ചെത്തിയ പ്രളയജലം ജനജീവിതം ദുസ്സഹമാക്കിയത്. അപ്രതീക്ഷിതമായി ജലം കയറിയേതാടെ പലരും ഓഫീസുകളിലും സ്കൂളുകളിലും അപാര്‍ട്മെന്റുകളിലും കുടുങ്ങി. വാഹനങ്ങള്‍ ഒലിച്ചുപോയി. 25 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴുപേരെ കാണാതായി.
പ്രളയതീവ്രത കുറക്കാന്‍ ഹെനാന്‍ പ്രവിശ്യയിലെ ഡാം തുറന്നുവിട്ടു. ഇവിടെ മൂന്നുദിവസത്തിനിടെ 640 മീല്ലിമീറ്റര്‍ മഴയാണ് പെയ്തത്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന അളവാണിതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
1.2 കോടി ജനസംഖ്യയുള്ള ഷെങ്സൂവില്‍ 14 ലക്ഷം പേര്‍ പ്രളയ ദുരിതത്തിലാണെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. നഗരത്തില്‍ മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തുന്ന സബ്വേയില് പ്രളയജലം കയറിയത് ആളുകളെ ഭീതിയിലാക്കി. ട്രെയിന്‍ കമ്ബാര്‍ട്മെന്റില്‍ വെള്ളം കയറിയതോടെ കഴുത്തറ്റം വെള്ളത്തില്‍ മരണം മുന്നില്‍കണ്ട് ഏറെനേരം നിന്നതിനൊടുവിലാണ് യാത്രക്കാരെ രക്ഷപ്പെടുത്താനായത്. 10 ഓളം ട്രെയിനുകള്‍ പാതിവഴിയില്‍ നിര്‍ത്തി.
ബെയ്ജിങ്ങിനും ഷാങ്ഹായ്ക്കുമിടയില് വ്യവസായ പ്രധാനമായ ഹെനാന്‍ പ്രവിശ്യയില്‍ നിരവധി സാംസ്കാരിക കേന്ദ്രങ്ങളും കാര്‍ഷിക മേഖലകളുമുണ്ട്. ഇവിടെയുള്ള ബുദ്ധതീര്‍ഥാടന കേന്ദ്രമായ ഷാഓലിന്‍ ക്ഷേത്രം മുങ്ങി.