ഇന്ത്യയിലെ കാര്‍ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഹോണ്ട

ഇന്ത്യയിലെ കാര്‍ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഹോണ്ട

September 18, 2018 0 By

ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേരിടുന്ന തിരിച്ചടി തുടര്‍ന്നാല്‍ ഇന്ത്യയിലെ കാര്‍ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എല്‍). ഡോളറുമായുള്ള വിനിമയത്തില്‍ റെക്കോഡ് തകര്‍ച്ചയാണു രൂപ നേടിരുന്നത്. രൂപയുടെ മൂല്യം ബുധനാഴ്ച്ച ഒരു ഡോളറിന് 72.91 രൂപ എന്ന നിലയിലേക്കു വരെ താഴ്ന്നിരുന്നു.

എങ്കിലും രൂപ നില മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയില്‍ നഷ്ടം ഏറ്റെടുക്കുകയാണെന്നു ഹോണ്ട വിശദീകരിക്കുന്നു. എന്നാല്‍ രൂപയുടെ മൂല്യം 72ലേക്ക് താഴുമോ 69ലേക്ക് ഉയരുമോ എന്നറിയാത്ത അനിശ്ചിതത്വത്തിലാണു കമ്പനിയെന്ന് ഹോണ്ട കാര്‍സ് സീനിയര്‍ വൈസ് പ്രസിഡന്റും സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടറുമായ രാജേഷ് ഗോയല്‍ വിശദീകരിച്ചു. രൂപ നില മെച്ചപ്പെടുത്തിയില്ലെങ്കില്‍ വില വര്‍ധിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഇന്ത്യന്‍ വിപണി ഉത്സവകാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ കാര്‍ വില വര്‍ധിപ്പിക്കാന്‍ ഹോണ്ടയ്ക്കു തീരെ താല്‍പര്യമില്ലെന്നും ഗോയല്‍ വെളിപ്പെടുത്തി. പകരം രൂപ കരുത്താര്‍ജിക്കുമെന്നും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നുമുള്ള പ്രതീക്ഷയിലാണു ഹോണ്ട. ഉല്‍പ്പാദനചെലവ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആഗസ്റ്റില്‍ ഹോണ്ട വാഹന വില വര്‍ധിപ്പിച്ചിരുന്നു. വിവിധ മോഡലുകളുടെ വിലയില്‍ 35,000 രൂപയുടെ വരെ വര്‍ധനയാണ് അന്നു കമ്പനി നടപ്പാക്കിയത്.

കാറുകളില്‍ പ്രാദേശികമായി സമാഹരിച്ച ഘടകങ്ങളുടെ വിഹിതം ഉയര്‍ന്ന തലത്തിലാണെന്നു ഗോയല്‍ അവകാശപ്പെട്ടു.’അമെയ്‌സ്’ പോലെ വ്യാപക വില്‍പ്പനയുള്ള പല മോഡലുകളിലും ഇന്ത്യന്‍ നിര്‍മിത ഘടകങ്ങളുടെ വിഹിതം 96% വരെയാണ്. കൂടാതെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഗണ്യമായി ഉയര്‍ത്താനും കമ്പനി ശ്രമിക്കുന്നുണ്ട്. എങ്കിലും രൂപയ്ക്കു നേരിട്ട കനത്ത മൂല്യത്തകര്‍ച്ച പരിഗണിക്കുമ്പോള്‍ വാഹന വില വര്‍ധന അനിവാര്യതയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 72 രൂപയോളം താഴുമെന്നത് ആരും മുന്‍കൂട്ടികണ്ട സാഹചര്യമല്ലെന്നും ഗോയല്‍ ഓര്‍മിപ്പിച്ചു.