വണ്‍പ്ലസ് ടെലിവിഷന്‍ നിര്‍മാണത്തിലേക്ക്: മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് വമ്പന്‍ സമ്മാനം

വണ്‍പ്ലസ് ടെലിവിഷന്‍ നിര്‍മാണത്തിലേക്ക്: മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് വമ്പന്‍ സമ്മാനം

September 18, 2018 0 By

കരുത്തന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്നതില്‍ കേമന്മാരാണ് വണ്‍പ്ലസ് എന്ന ചൈനീസ് കമ്ബനി. വണ്‍പ്ലസ്5, വണ്‍പ്ലസ് 6 അടക്കം പുറത്തിറക്കിയ പല മോഡലുകളും ആപ്പിള്‍ ഐഫോണുകളെ പോലും വെല്ലുവിളിക്കാന്‍ കരുത്തുള്ളവയാണ്. ഇലക്‌ട്രോണിക് ഭീമന്മാരായ വണ്‍പ്ലസ് ഇപ്പോള്‍ ടെലിവിഷന്‍ നിര്‍മാണത്തിലേക്കും ചുവടുവയ്ക്കുകയാണ്. വണ്‍പ്ലസ് ടിവി എന്ന പേരില്‍ സ്മാര്‍ട്ട് ടിവി ഉടന്‍ പുറത്തിറക്കുമെന്നാണ് അറിയുന്നത്.

വണ്‍പ്ലസ് സ്ഥാപകനും സി.ഇ.ഓയുമായ പീറ്റ ലൂ തന്നെയാണ് പുതിയ സംരംഭത്തിന്റെ അമരക്കാരന്‍. വണ്‍പ്ലസിന്റെ ടൈപ്പ് സി മോഡല്‍ ഹെഡ്‌ഫോണുകള്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് സ്മാര്‍ട്ട് ടിവിയെക്കുറിച്ചുള്ള അറിയിപ്പുണ്ടായത്. ഇതിനെ ഏറെ പ്രതീക്ഷയോടെ കാണുകയാണ് ആരാധകര്‍. മാത്രമല്ല 8 ജി.ബി റാമും കരുത്തന്‍ കാമറയുമായെത്തിയ വണ്‍പ്ലസ് 6 മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

196 രാജ്യങ്ങളിലായി ഏകദേശം അഞ്ച് മില്ല്യണ്‍ അംഗങ്ങളാണ് വണ്‍പ്ലസിനുള്ളത്. ഇവരില്‍ നിന്നും പുതിയ സ്മാര്‍ട്ട് ടിവിയെക്കുറിച്ചുള്ള പ്രതികരണവും കമ്ബനി തേടുന്നുണ്ട്. വണ്‍പ്ലസ് ടിവി എന്നാണ് പേരെങ്കിലും മികച്ച മറ്റ് പേരുകള്‍ ആരാധകര്‍ക്ക് നിര്‍ദ്ദേശിക്കാവുന്നതാണ്. അടുത്ത മാസം 16 വരെ ഇതിനായുള്ള സൌകര്യം വെബ്‌സൈറ്റില്‍ തയ്യാറാക്കിയിട്ടുണ്ട്. അതില്‍ നിന്നും മികച്ച 10 എണ്ണത്തിനെ 31ആം തിയതി പ്രഖ്യാപിക്കും. ഈ പത്തുപേര്‍ക്കും കമ്ബനിയുടെ 3,990 രൂപ വിലയുള്ള ബുള്ളറ്റ് ഹെഡ്‌സെറ്റുകളാണ് വണ്‍പ്ലസ് വാഗ്ദാനം ചെയ്യുന്നത്.

ഇതിനു പുറമേ മികച്ച പേര് നിര്‍ദ്ദേശിക്കുന്ന വ്യക്തിക്ക് വണ്‍പ്ലസ് സ്മാര്‍ട്ട് ടിവിയും സമ്മാനമായി ലഭിക്കും. തീര്‍ന്നില്ല, സ്മാര്‍ട്ട് ടി.വി ലോഞ്ചിംഗ് ഈവന്റിലേക്ക് വിജയിക്ക് പങ്കെടുക്കാനുള്ള അവസരവുമുണ്ട്. അടുത്ത വര്‍ഷം ആദ്യത്തോടെ സ്മാര്‍ട്ട് ടിവി പുറത്തിറങ്ങും. ഷവോമി എം.ഐ സ്മാര്‍ട്ട് ടിവികളാകും വണ്‍പ്ലസ് ടിവിയുടെ പ്രധാന എതിരാളികള്‍. വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്ബനി പുറത്തുവിട്ടിട്ടില്ല.