
വിവാദങ്ങളും വെല്ലുവിളികളും അതിജീവിച്ച് വിഴിഞ്ഞം തുറമുഖം; യാഥാര്‍ത്ഥ്യമാകുന്നത് പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്
May 3, 2025 0 By BizNews
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി ഇന്നലെ രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. രാവിലെ 11 മണിക്ക് വിഴിഞ്ഞം തുറമുഖത്ത് തയ്യാറാക്കിയിരുന്ന പടുകൂറ്റന്‍ വേദിയിലാണ് കമ്മീഷനിംഗ് ചടങ്ങുകള്‍ നടന്നത്. മലയാളികള്‍ക്ക് അഭിമാനമായ വിഴിഞ്ഞം തുറമുഖത്തിന്റെ നാള്‍വഴികള്‍ അറിയാം.
വിഴിഞ്ഞത്ത് ഒരു തുറമുഖം നിര്‍മിക്കണമെന്ന ആലോചന തുടങ്ങിയത് തിരുവിതാംകൂര്‍ രാജഭരണകാലത്താണ്. ദിവാനായിരുന്ന സിപി രാമസ്വാമി അയ്യരായിരുന്നു ഒരു നൂറ്റാണ്ട് മുമ്പ് ആ തീരുമാനമെടുത്തത്. പക്ഷെ രണ്ടാംലോക മഹായുദ്ധത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വങ്ങളില്‍ തുറമുഖം എന്ന സ്വപ്നം നടക്കാതെ പോയി.
1947ല്‍ മത്സ്യബന്ധന തുറമുഖമാക്കാനുള്ള ജോലി തുടങ്ങി. എന്നാല്‍ തിരുകൊച്ചി സംയോജനത്തോടെ ആ പദ്ധതിയും മുടങ്ങി. 1955-57ല്‍ സി ആര്‍ ജൂക്കിന്റെ നേതൃത്വത്തിലുള്ള സംഘം വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കി.
1962ല്‍ അന്നത്തെ കേന്ദ്രമന്ത്രി എസ് കെ പാട്ടീല്‍ തുറമുഖ നിര്‍മാണത്തിന്റെ ആദ്യഘട്ടം ഉദ്ഘാടനവും ചെയ്തു. പിന്നീട് വെട്ടിച്ചുരുക്കി ഇന്ന് കാണുന്ന മത്സ്യബന്ധന തുറമുഖമാക്കുകയായിരുന്നു.
1991ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ തുറമുഖ മന്ത്രിയായിരുന്ന എം വി രാഘവനാണ് പദ്ധതി പുനരുജ്ജീവിപ്പിച്ചത്. 1995ന് കുമാര്‍ എനര്‍ജി കോര്‍പറേഷനുമായി ധാരണാപത്രം ഒപ്പുവച്ചു.
തുടര്‍ന്ന് വന്ന നയനാര്‍ സര്‍ക്കാര്‍ തുറമുഖത്തിനൊപ്പം താപവൈദ്യുത നിലയവും സ്ഥാപിക്കുന്ന പദ്ദതി തയ്യാറാക്കി കരാര്‍ ഒപ്പിട്ടു. അടുത്ത യുഡിഎഫ് സര്‍ക്കാര്‍ കുമാര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ടെങ്കിലും മറുപടി കിട്ടാതായതോടെ, കരാര്‍ റദ്ദായി.
2013ലാണ് പിന്നീട് പദ്ധതിക്ക് വീണ്ടും ജീവന്‍വച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അദാനി പോര്‍ട്‌സിന്റെ ടെന്‍ഡര്‍ സര്‍ക്കാര്‍ സ്വീകരിച്ചു. തുടര്‍ന്ന് ഒരേ സമയം പാര്‍ട്ടിക്കുള്ളിലും പ്രതിപക്ഷത്തും തീരമേഖലയിലും ഉയര്‍ന്ന പ്രതിഷേധങ്ങളെ നയപരമായി കൈകാര്യം ചെയ്ത് അദാനിയെ വിഴിഞ്ഞത്തെത്തിച്ചു ഉമ്മന്‍ ചാണ്ടി. അങ്ങനെ 2015 ഡിസംബര്‍ 5ന് തുറമുഖത്തിന് തറക്കല്ലിട്ടു.
എന്തു പ്രതിസന്ധി വന്നാലും പദ്ധതി പൂര്‍ത്തിയാക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് തടസങ്ങളെ അകറ്റി. തീരവാസികളുടെ സമരം, കല്ലിന്റെയും മറ്റ് നിര്‍മാണ വസ്തുക്കളുടെയും ക്ഷാമം നേരിട്ടപ്പോഴും അവ എത്തിക്കാന്‍ മുഖ്യമന്ത്രി തന്നെ ഇടപെട്ടു.
വിജിഎഫ് അനുവദിക്കുന്നതില്‍ സംസ്ഥാനം കേന്ദ്രത്തിന് വഴങ്ങുകയും ചെയ്തു. ഗ്രാന്റായി പണം നല്‍കണമെന്ന ആവശ്യം കേന്ദ്രം നിരസിച്ചതോടെയാണ് വഴങ്ങിയത്.
Share this:
- Click to share on Facebook (Opens in new window) Facebook
- Click to share on Telegram (Opens in new window) Telegram
- Click to share on WhatsApp (Opens in new window) WhatsApp
- Click to print (Opens in new window) Print
- Click to share on Threads (Opens in new window) Threads
- Click to share on X (Opens in new window) X
- More