സംരംഭകവർഷം പദ്ധതിയിലൂടെ തുടങ്ങിയത് 3.5 ലക്ഷം പുതിയ സംരംഭങ്ങൾ: പിണറായി വിജയൻ

സംരംഭകവർഷം പദ്ധതിയിലൂടെ തുടങ്ങിയത് 3.5 ലക്ഷം പുതിയ സംരംഭങ്ങൾ: പിണറായി വിജയൻ

May 6, 2025 0 By BizNews

ണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലതോറും സംഘടിപ്പിക്കുന്ന -എന്റെ കേരളം- പ്രദർശനവിപണന മേളയുടെ കോഴിക്കോട് ജില്ലയിലെ പതിപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

കോഴിക്കോട് ബീച്ചിൽ നടന്ന ചടങ്ങിൽ വീഡിയോ സന്ദേശത്തിലൂടെയാണ് മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന സരസ് വിപണനമേളയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

സംരംഭക വികസനത്തിനായി നടത്തിയ സംരംഭകവർഷം പദ്ധതിയിലൂടെ കേരളത്തിൽ ഇതുവരെ 3.5 ലക്ഷം പുതിയ സംരംഭങ്ങൾ തുടങ്ങിയതായി മുഖ്യമന്ത്രി പറഞ്ഞു. വലിയ മൂലധനം ആവശ്യമില്ലാത്ത എന്നാൽ ഫലപ്രദമായ വരുമാനം തരുന്ന പദ്ധതികളാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.

പ്രാദേശികമായ വികസനത്തിന്റെ നട്ടെല്ലാണ് കുടുംബശ്രീ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, ഈ വർഷം ബജറ്റിൽ 270 കോടി രൂപ കുടുംബശ്രീക്ക് വേണ്ടി മാറ്റിവെച്ചിട്ടുണ്ടെന്നും പറഞ്ഞു.

ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, വനംവന്യജീവിക വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ഇ.കെ വിജയൻ, പി.ടി.എ റഹീം, കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, കെ.എം സച്ചിൻദേവ്, ലിന്റോ ജോസഫ് എന്നിവരും കോഴിക്കോട് മേയർ ബീന ഫിലിപ്, ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ ഷീജ ശശി എന്നിവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.

വിവിധ സർക്കാർ വകുപ്പുകളുടേത് ഉൾപ്പെടെ 200-ൽ അധികം സ്റ്റാളുകൾ പ്രദർശനവിപണനമേളയുടെ ഭാഗമാകും. കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയിൽ രാജ്യത്തെ വിവിധ വനിതാ സ്വയംസഹായ സംഘങ്ങളുടെ സ്റ്റാളുകളുണ്ടാകും.

മെയ് 12-ന് രണ്ട് മേളകളും സമാപിക്കും.