റൊണാൾഡോയുടെ മകൻ പോർച്ചുഗൽ ടീമിൽ; അച്ഛനും മകനും ഒരുമിച്ച് കളിക്കുമോ?

റൊണാൾഡോയുടെ മകൻ പോർച്ചുഗൽ ടീമിൽ; അച്ഛനും മകനും ഒരുമിച്ച് കളിക്കുമോ?

May 6, 2025 0 By BizNews

Cristiano Ronaldo Jr Portugal: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ റൊണാൾഡോ ജൂനിയറിന് പോർച്ചുഗൽ ടീമിലേക്ക് ആദ്യമായി വിളിയെത്തുന്നു. പോർച്ചുഗൽ അണ്ടർ 15 ദേശീയ ടീമിൽ ആണ് റൊണാൾഡോ ജൂനിയർ ഇടം നേടിയത്. നിന്നെയോർത്ത് ഞാൻ അഭിമാനിക്കുന്നു എന്ന് പറഞ്ഞാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മകന്റെ പോർച്ചുഗൽ ടീമിലേക്കുള്ള വരവിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്.

അടുത്ത് തന്നെ നടക്കാൻ പോകുന്ന വ്ലാട്‌കോ മാർക്കോവിച്ച് ഇന്റർനാഷണൽ ടൂർണമെന്റിൽ റൊണാൾഡോ ജൂനിയർ പോർച്ചുഗലിനെ പ്രതിനിധീകരിക്കും. മെയ് 13 മുതൽ 18 വരെ ക്രൊയേഷ്യയിലാണ് ടൂർണമെന്റ്. ഗ്രൂപ്പ് ഘട്ടത്തിൽ ജപ്പാൻ, ഗ്രീസ്, ഇംഗ്ലണ്ട് ടീമുകളുമായിട്ടാണ് പോർച്ചുഗൽ ഏറ്റുമുട്ടുന്നത്.

14 വയസ്സുകാരനായ റൊണാൾഡോ ജൂനിയർ മുന്നേറ്റനിര താരമായാണ് കളിക്കുന്നത്. നിലവിൽ സൗദി അറേബ്യയിലെ അൽ നസർ അണ്ടർ 15 ടീമിനൊപ്പമാണ് റൊണാൾഡോയുടെ മകൻ. അൽ നസർ യൂത്ത് ടീമിനായി 2024ൽ 27 മത്സരങ്ങളിൽ നിന്ന് 57 ഗോളുകൾ റൊണാൾഡോ ജൂനിയർ നേടിയതായാണ് റിപ്പോർട്ടുകൾ വന്നത്.  തകർപ്പൻ ഫോമിലാണ് റൊണാൾഡോ ജൂനിയർ ഇപ്പോഴെന്നാണ് വിവരം.

പോർച്ചുഗലിന്റെ യൂത്ത് ടീമിലേക്ക് റൊണാൾഡോ ജൂനിയറിന് വിളിയെത്തുന്നതോടെ അച്ഛനും മകനും ഒരുമിച്ച് ദേശിയ ടീമിനായി കളിക്കുന്നത് വരും നാളുകളിൽ കാണാനാവുമോ എന്ന ചോദ്യവുമായി എത്തുകയാണ് ആരാധകർ. 40കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് നിലവിൽ പോർച്ചുഗൽ ടീമിന്റെ ക്യാപ്റ്റൻ. എന്നാൽ 2026ലെ ഫിഫ ലോകകപ്പിൽ റൊണാൾഡോയെ ടീമിൽ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.