വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി ഇനി സ്ലീപ്പര്‍, എസി കോച്ചുകളില്‍ കയറാനാകില്ല

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി ഇനി സ്ലീപ്പര്‍, എസി കോച്ചുകളില്‍ കയറാനാകില്ല

May 3, 2025 0 By BizNews

വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുള്ളവരെ ട്രെയിനുകളിലെ സ്ലീപ്പർ, എ.സി കോച്ചുകളില്‍ യാത്ര ചെയ്യാൻ ഇനി അനുവദിക്കില്ല. ജനറല്‍ (റിസർവ് ചെയ്യാത്ത) കമ്പാർട്ടുമെന്റുകളില്‍ മാത്രമേ ഇനി വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി യാത്ര ചെയ്യാൻ അനുവാദമുള്ളൂ.

മേയ് 1 മുതല്‍ ഈ ചട്ടം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. റിസർവ് ചെയ്ത സ്ലീപ്പർ – എസി കോച്ചുകളില്‍ വെയിറ്റിംഗ് ടിക്കറ്റുകളുമായി കയറുന്ന യാത്രക്കാർക്ക് റെയില്‍വെ പിഴ ചുമത്തും.

ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കാനാണ് റെയില്‍വേയുടെ നടപടി. ഇതുകൂടാതെ മുൻകൂട്ടിയുള്ള റിസർവേഷനിലും ഓണ്‍ലൈൻ ബുക്കിങ്ങിലും മേയ് 1 മുതല്‍ റെയില്‍വേ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അവ ഇങ്ങനെയാണ്:

മുൻകൂർ ബുക്കിംഗ് കാലാവധി കുറച്ചു
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള അഡ്വാൻസ് റിസർവേഷൻ കാലയളവ് 120 ദിവസത്തില്‍ നിന്ന് 60 ദിവസമായി കുറച്ചു.

ഇതോടെ 4 മാസം മുമ്പ് വരെ റിസർവേഷൻ സാധ്യമായിരുന്നതിന് പകരം യാത്രക്കാർക്ക് ഇപ്പോള്‍ 60 ദിവസം മുൻകൂട്ടി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ.

ഓണ്‍ലൈൻ ബുക്കിംഗിന് ഒടിപി വെരിഫിക്കേഷൻ നിർബന്ധം
ഐആർസിടിസി അതിന്റെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ബുക്ക് ചെയ്യുന്ന എല്ലാ ടിക്കറ്റുകള്‍ക്കും ഒടിപി അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ വെരിഫിക്കേഷൻ അവതരിപ്പിച്ചു.

വ്യാജ ബുക്കിംഗുകള്‍ തടയുന്നതിനും ഉപയോക്താവിന്റെ ഐഡന്റിറ്റിയുടെ ആധികാരികത ഉറപ്പാക്കുന്നതിനും ഈ നീക്കം ലക്ഷ്യമിടുന്നു.

ഓരോ തവണ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും, ഉപയോക്താക്കള്‍ ഒറ്റത്തവണ പാസ്വേഡ് (OTP) വഴി അവരുടെ മൊബൈല്‍ നമ്പർ സ്ഥിരീകരിക്കേണ്ടതുണ്ട്.