
വിരട്ട് വേണ്ട , നിങ്ങള്‍ക്കാഗ്രഹം യുദ്ധമെങ്കില്‍ പോരാടാൻ ഞങ്ങള്‍ തയ്യാര്‍- യു.എസി.നോട് ചൈന
March 6, 2025ബെയ്ജിങ്: തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് അധികതീരുവ ചുമത്താനുള്ള യു.എസിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ പ്രതികരണവുമായി ചൈന.
യുദ്ധമാണ് യു.എസ്. ആഗ്രഹിക്കുന്നതെങ്കില്‍ അവസാനംവരെ പോരാടാൻ തങ്ങള്‍ തയ്യാറാണെന്ന് ചൈന അറിയിച്ചു. വിരട്ടലും ഭീഷണിയും ചൈനയോട് വിലപ്പോവില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് പ്രതികരിച്ചു.
‘ഞങ്ങളുടെ താത്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രതിരോധം പൂർണ്ണമായും നിയമാനുസൃതവും അനിവാര്യവുമാണ്. യു.എസ്. ചൈനയെ അപകീർത്തിപ്പെടുത്താനും ചെളിവാരി എറിയാനുമാണ് ശ്രമിക്കുന്നത്. തീരുവ ഉയർത്തുന്നതിലൂടെ ചൈനയെ ബ്ലാക്മെയില്‍ചെയ്യാനും സമ്മർദ്ദത്തിലാക്കാനുമാണ് ശ്രമിക്കുന്നത്’, ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് എക്സില്‍ കുറിച്ചു.
വിരട്ടിയാല്‍ ഞങ്ങള്‍ ഭയപ്പെടില്ല. ഭീഷണി വിലപ്പോവില്ല. സമ്മർദമോ ബലപ്രയോഗമോ ഭീഷണിയോ ചൈനയെ നേരിടാനുള്ള ശരിയായ മാർഗമല്ല. ചൈനയ്ക്കുമേല്‍ പരമാവധി സമ്മർദം ചെലുത്തുന്നവർ ആരായാലും അവരുടേത് തെറ്റായ കണക്കുകൂട്ടലാണ്. യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍, അത് തീരുവയുദ്ധമോ വ്യാപരയുദ്ധമോ മറ്റെന്തെങ്കിലും തരത്തിലുള്ള യുദ്ധമോ ആവട്ടെ, അവസാനംവരെ പോരാടാൻ ഞങ്ങള്‍ തയ്യാറാണ്’, കുറിപ്പില്‍ പറയുന്നു
ഫെന്റനൈല്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട് ചൈന നടത്തുന്ന പരിശ്രമങ്ങള്‍ യു.എസ്. കാണാതെ പോകുന്നുവെന്നും കുറിപ്പില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
ചൈനയും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങള്‍ യു.എസിനുമേല്‍ കൂടുതല്‍ തീരുവ ചുമത്തുന്നുവെന്ന ആരോപണവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി യു.എസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ട്രംപിന്റെ ആരോപണം. ഏപ്രില്‍ രണ്ടുമുതല്‍ പകരച്ചുങ്കം ഏർപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.
താരിഫ് യുദ്ധത്തില്‍ യു.എസിനോട് ഏറ്റുമുട്ടാനുറച്ചാണ് ചൈന മുന്നോട്ടുനീങ്ങുന്നത്. മാർച്ച് 10 മുതല്‍ കോഴിയിറച്ചി, ചോളം, പരുത്തി എന്നിവ ഉള്‍പ്പെടെ യു.എസില്‍നിന്നുള്ള ഇറക്കുമതിക്ക് 10 മുതല്‍ 15 ശതമാനംവരെ തീരുവ ചൈന പ്രഖ്യാപിച്ചിരുന്നു. യു.എസില്‍ നിന്നുള്ള കോഴി, ഗോതമ്ബ്, ചോളം, പരുത്തി എന്നിവയ്ക്ക് 15 ശതമാനവും സോയാബീൻ, പന്നിയിറച്ചി, പോത്തിറച്ചി, സമുദ്ര വിഭവങ്ങള്‍, പഴം, പച്ചക്കറി, പാലുത്പന്നങ്ങള്‍ എന്നിവയ്ക്ക് 10 ശതമാനംവും തീരുവ ഈടാക്കും.