2025ല്‍ എല്‍ഐസിയുടെ നിക്ഷേപമൂല്യത്തില്‍ ഒന്നര ലക്ഷം കോടിയുടെ ഇടിവ്‌

2025ല്‍ എല്‍ഐസിയുടെ നിക്ഷേപമൂല്യത്തില്‍ ഒന്നര ലക്ഷം കോടിയുടെ ഇടിവ്‌

March 5, 2025 0 By BizNews

2025ല്‍ രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര നിക്ഷേപക സ്ഥാപനമായ എല്‍ഐസി കൈവശം വെക്കുന്ന ഓഹരികളുടെ മൂല്യത്തില്‍ 1.45 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി.

ഡിസംബര്‍ അവസാനം 14.9 ലക്ഷം കോടി രൂപയായിരുന്ന നിക്ഷേപം ഫെബ്രുവരി അവസാനത്തില്‍ 13.4 ലക്ഷം കോടി രൂപയായി ചുരുങ്ങി. ഓഹരി വിപണിയിലെ കനത്ത വില്‍പ്പനയാണ്‌ എല്‍ഐസിയുടെ പോര്‍ട്‌ഫോളിയോയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്‌. രണ്ട്‌ മാസം കൊണ്ട്‌ പത്ത്‌ ശതമാനം ഇടിവ്‌ പോര്‍ട്‌ഫോളിയോയിലുണ്ടായി.

എല്‍ഐസി ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്ന രണ്ടാമത്തെ ഓഹരിയായ ഐടിസി 18 ശതമാനമാണ്‌ കഴിഞ്ഞ രണ്ട്‌ മാസം കൊണ്ട്‌ ഇടിഞ്ഞത്‌. എല്‍ഐസിയുടെ നിക്ഷേപത്തില്‍ 17,000 കോടി രൂപയുടെ ചോര്‍ച്ച ഇതുവഴിയുണ്ടായി. ടിസിഎസിന്റെ ഓഹരിയില്‍ ഈ വര്‍ഷമുണ്ടായ 15 ശതമാനം ഇടിവിനെ തുടര്‍ന്ന്‌ എല്‍ഐസിയുടെ നിക്ഷേപമൂല്യത്തില്‍ 10,509 കോടി രൂപയുടെ ചോര്‍ച്ചയുണ്ടായി.

എസ്‌ബിഐയിലുണ്ടായ 13 ശതമാനം ഇടിവ്‌ മൂലം എല്‍ഐസിയുടെ നിക്ഷേപമൂല്യത്തിലുണ്ടായ കുറവ്‌ 8568 കോടി രൂപയാണ്‌. ഇന്‍ഫോസിസിലുണ്ടായ 10 ശതമാനം ഇടിവ്‌ നിക്ഷേപമൂല്യം 7640 കോടി രൂപ ചോരുന്നതിന്‌ വഴിവെച്ചു.

എല്‍&ടി, എച്ച്‌സിഎല്‍ ടെക്‌, ഐഡിബിഐ ബാങ്ക്‌, മഹീന്ദ്ര & മഹീന്ദ്ര, ജിയോ ഫിനാന്‍സ്‌, ഐസിഐസിഐ ബാങ്ക്‌ എന്നിവയാണ്‌ എല്‍ഐസിയുടെ പോര്‍ട്‌ഫോളിയോയില്‍ കനത്ത ചോര്‍ച്ചയ്‌ക്ക്‌ വഴിവെച്ച മറ്റ്‌ പ്രധാന ഓഹരികള്‍.

മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ എല്‍ഐസി ഏറ്റവും കൂടുതല്‍ കൈവശം വെക്കുന്ന ഓഹരി റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ ആണ്‌. 1,03,727 കോടി രൂപയാണ്‌ എല്‍ഐസി കൈവശം വെക്കുന്ന റിലയന്‍സ്‌ ഓഹരികളുടെ നിക്ഷേപമൂല്യം.

ഐടിസി (75,780 കോടി രൂപ), ഇന്‍ഫോസിസ്‌ (67,055 കോടി രൂപ), എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ (62,814കോടി രൂപ), ടിസിഎസ്‌ (59,857 കോടി രൂപ), എസ്‌ബിഐ (55,597 കോടി രൂപ), എല്‍ & ടി (54,215 കോടി രൂപ) എന്നിവയാണ്‌ ഉയര്‍ന്ന നിക്ഷേപം നടത്തിയിരിക്കുന്ന മറ്റ്‌ ഓഹരികള്‍.