പൊതുമേഖലാ കമ്പനികളുടെ വിപണിമൂല്യത്തിലെ ഇടിവ്‌ 24 ലക്ഷം കോടി

പൊതുമേഖലാ കമ്പനികളുടെ വിപണിമൂല്യത്തിലെ ഇടിവ്‌ 24 ലക്ഷം കോടി

March 3, 2025 0 By BizNews

മുംബൈ: ബിഎസ്‌ഇയിലെ ലിസ്റ്റഡ്‌ കമ്പനികളുടെ മൊത്തം വിപണിമൂല്യത്തില്‍ പൊതുമേഖലാ കമ്പനികളുടെ പങ്ക്‌ 14.61 ശതമാനമായി കുറഞ്ഞു. ഇത്‌ കഴിഞ്ഞ വര്‍ഷം മെയില്‍ 17.77 ശതമാനമായിരുന്നു. 103 പൊതുമേഖലാ കമ്പനികളുടെ വിപണിമൂല്യം ഫെബ്രുവരി 28ലെ ക്ലോസിംഗ്‌ പ്രകാരം 57.43 ലക്ഷം കോടി രൂപയാണ്‌.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇത്‌ 81.38 ലക്ഷം കോടി രൂപയായിരുന്നു. 24 ലക്ഷം കോടി രൂപയാണ്‌ വിപണിമൂല്യത്തിലുണ്ടായ ചോര്‍ച്ച.

ജനുവരിയില്‍ 64.88 ലക്ഷം കോടി രൂപയും ഫെബ്രുവരിയില്‍ 66.34 ലക്ഷം കോടി രൂപയുമായിരുന്നു പൊതുമേഖലാ കമ്പനികളുടെ വിപണിമൂല്യം. 103 പൊതുമേഖലാ കമ്പനികളില്‍ ആറ്‌ ഓഹരികള്‍ 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 60 ശതമാനത്തിലേറെ ഇടിഞ്ഞു.

28 ഓഹരികള്‍ 50-59 ശതമാനവും 34 ഓഹരികള്‍ 40-50 ശതമാനവും 32 ഓഹരികള്‍ 20-40 ശതമാനവും ഇടിവിന്‌ വിധേയമായി. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം ത്രൈമാസത്തിലെ പ്രവര്‍ത്തനം ദുര്‍ബലമായതും ഓഹരികളുടെ മൂല്യം ചെലവേറിയ നിലയിലായതും വില്‍പ്പന സമ്മര്‍ദത്തിന്‌ ആക്കം കൂട്ടി. ഒരു വര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്ന കുതിപ്പിന്‌ വിരാമം കുറിച്ചുകൊണ്ട്‌ ലാഭമെടുപ്പ്‌ ശക്തമാവുകയായിരുന്നു.

52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും ഏറ്റവും ശക്തമായ ഇടിവ്‌ നേരിട്ട പൊതുമേഖലാ ഓഹരി ഡ്രെഡ്‌ജിംഗ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയാണ്‌- 65 ശതമാനം. ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ 64 ശതമാനവും എംഎംടിസി 62 ശതമാനവും നഷ്‌ടം രേഖപ്പെടുത്തി.

ഷിപ്പിംഗ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ, ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക്‌ കെമിക്കല്‍സ്‌, ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍ എന്നീ ഓഹരികള്‍ 60 ശതമാനം വീതം ഇടിവിന്‌ വിധേയമായി. നിഫ്‌റ്റി പി എസ്‌ ഇ സൂചിക 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 32 ശതമാനമാണ്‌ ഇടിഞ്ഞത്‌.