വിളിച്ചാല്‍ കിട്ടുന്നില്ല, കിട്ടിയാല്‍ കട്ടാകുന്നു, പറയുന്നത് കേള്‍ക്കുന്നില്ല… BSNL നെറ്റ്‌വര്‍ക്കില്‍ പരാതി പ്രളയം

വിളിച്ചാല്‍ കിട്ടുന്നില്ല, കിട്ടിയാല്‍ കട്ടാകുന്നു, പറയുന്നത് കേള്‍ക്കുന്നില്ല… BSNL നെറ്റ്‌വര്‍ക്കില്‍ പരാതി പ്രളയം

January 2, 2025 0 By BizNews

വിളിച്ചാല്‍ കിട്ടുന്നില്ല, കിട്ടിയാല്‍ കട്ടാകുന്നു, പറയുന്നത് കേള്‍ക്കുന്നില്ല… ഇത്തരം പരാതികള്‍ ബി.എസ്.എൻ.എല്‍. വരിക്കാർ പറയാൻ തുടങ്ങിയിട്ട് നാലഞ്ച് മാസമായി.

4ജി ടവറുകള്‍ സ്ഥാപിക്കുന്നതിനാലുള്ള പ്രശ്നങ്ങളാണെന്ന് കമ്ബനി പറയുന്നുണ്ടെങ്കിലും, ഇതിന് ഒരു അറുതി ഉണ്ടാകുന്നില്ലെന്നതാണ് യാഥാർഥ്യം. കോള്‍ വിളിക്കുമ്ബോഴുള്ള പ്രശ്നങ്ങള്‍ ഇപ്പോള്‍ കൂടിയിട്ടുണ്ടെന്നാണ് ബി.എസ്.എൻ.എലിന്റെ കസ്റ്റമർ കെയറിലെ ടോള്‍ഫ്രീ നമ്ബരിലേക്ക് വരുന്ന ഭൂരിപക്ഷം പരാതികളും വ്യക്തമാക്കുന്നത്.

പ്രധാന പ്രശ്നങ്ങള്‍
ആദ്യവിളിയില്‍ പലപ്പോഴും കിട്ടുന്നില്ല.
ഡയല്‍ചെയ്ത് കണക്ടായാല്‍ ആരെങ്കിലും ഒരാള്‍ പറയുന്നതുമാത്രം കേള്‍ക്കാം.
ചിലപ്പോള്‍ വിളിക്കുന്ന നമ്ബർ നിലവിലില്ല എന്നു കേള്‍ക്കാം.
വിളിക്കുന്ന നമ്ബർ സ്വിേച്ചാഫ് പറയുന്ന സന്ദർഭങ്ങളും ഉണ്ടാകുന്നു.
ഫോണില്‍ സേവ് ചെയ്തിരിക്കുന്ന പേരുകള്‍ കാണിക്കാതെ കോള്‍ വരുന്നു. നമ്ബർമാത്രമായിരിക്കും ഉണ്ടാകുക.

മാർച്ചോടെ പ്രശ്നം പരിഹരിക്കാനാകും
4ജി ടവറുകളുടെ സ്ഥാപിക്കലും അവയുടെ ട്രയലുകളും തകൃതിയായി നടക്കുന്നതിനാലാണ് കോളുകളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യയിലുള്ള സംവിധാനമാണ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്.

ടാറ്റ കണ്‍സള്‍ട്ടൻസി സർവീസ് സോഫ്റ്റ്വേറും തേജസ് എന്ന കമ്ബനി ഉപകരണങ്ങളും തദ്ദേശീയമായി ഉണ്ടാക്കിയതാണ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി നെറ്റ്വർക്കിലും വലിയ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.

സീപാൻ (CPAN) എന്ന നെറ്റ്വർക്കില്‍നിന്ന് മാൻ (MAN) എന്നതിലേക്കാണ് മാറുന്നത്.
വിദേശകമ്പനികളായ വാവേ, നോക്കിയ തുടങ്ങിയവയുടെ ഉപകരണങ്ങള്‍ ടവറുകളിലുണ്ട്. ഇവയുമായി പുതിയ സംവിധാനം ചേർക്കുമ്ബോളുള്ള പ്രശ്നങ്ങളുമുണ്ട്.

ഇനി ഇന്ത്യൻ വിപണിയില്‍ സാധ്യതയില്ലെന്ന തിരിച്ചറിവില്‍ ഈ കമ്പനികള്‍ വേണ്ടത്ര സഹകരണം ഇപ്പോഴത്തെ നടപടികള്‍ക്ക് നല്‍കാത്തതും ഒരു പ്രശ്നമാണ്.

3ജി സർവീസ് നിർത്തും
രാജ്യത്ത് 2ജി, 3ജി, 4ജി എന്നീ സേവനങ്ങള്‍ ഒരേസമയത്ത് കൈകാര്യംചെയ്യുന്ന കമ്ബനി ബി.എസ്.എൻ.എല്‍.മാത്രമാണ്. എന്നാല്‍ 3ജിയുടെ സേവനം ഇനി ആവശ്യമില്ലാത്തതിനാല്‍ അത് നിർത്താനുള്ള നടപടികളുണ്ടാകും. എന്നാല്‍ 2ജി സേവനം നിലനിർത്തും.

സ്മാർട്ട് ഫോണ്‍ അല്ലാത്തവ ഉപയോഗിക്കുന്ന നല്ലൊരുശതമാനം ആളുകളുടെ കൈവശവും 2ജി സേവനത്തിന് ഉതകുന്ന കീപാഡ് ഫോണുകളാണ്.

വോയ്സ് കോളിനുമാത്രമുള്ള പ്രത്യേക താരിഫ് ഉണ്ടാകണമെന്ന ട്രായ് നിർദേശം നടപ്പാക്കാനൊരുങ്ങുന്ന ബി.എസ്.എൻ.എലിന് 2ജി നിലനിർത്തിയാല്‍ വ്യക്തതയുള്ള വോയ്സ് സേവനം നല്‍കാനാവുമെന്ന കണക്കുകൂട്ടലുമുണ്ട്.