
മുത്തൂറ്റ് ഫിനാന്‍സിന്റെ റേറ്റിങ് ഉയര്‍ത്തി മൂഡീസ്
April 5, 2025 0 By BizNews
കൊച്ചി: മൂഡീസ് റേറ്റിംഗ് മുത്തൂറ്റ് ഫിനാന്‍സിന്റെ റേറ്റിങ് സ്റ്റേബിള്‍ ഔട്ട്ലുക്കോടെ ബിഏ1 ആയി ഉയര്‍ത്തി. ഈ റേറ്റിംഗ് മുത്തൂറ്റ് ഫിനാന്‍സിന്റെ ശക്തമായ ക്രെഡിറ്റ് പ്രൊഫൈലിനെ പ്രതിഫലിപ്പിക്കുന്നതായും ഇന്ത്യയിലെ സ്വര്‍ണ പണയ വ്യവസായത്തിലെ മികച്ച ട്രാക്ക് റെക്കോര്‍ഡിനെ പിന്തുണയ്ക്കുന്നതായും മൂഡീസ് അറിയിച്ചു.
മൂഡീസ് റേറ്റിങ്ങുകള്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ദീര്‍ഘകാല കോര്‍പ്പറേറ്റ് ഫാമിലി റേറ്റിംഗിനെ ബിഏ2ല്‍ നിന്നും ബിഏ1 ലേക്ക് ഉയര്‍ത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
ശക്തമായ സാമ്പത്തിക പ്രകടനം, കരുത്തുറ്റ ആസ്തി നിലവാരം, മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥിരതയുള്ള ബിസിനസ്സ് മോഡല്‍ എന്നിവയിലുള്ള മൂഡീസിന്റെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതാണ് ഈ അംഗീകാരം.
മുത്തൂറ്റ് ഫിനാന്‍സിന്റെ സ്ഥിരമായ ലാഭക്ഷമത, വിവേകപൂര്‍ണ്ണമായ റിസ്‌ക് മാനേജ്‌മെന്റ് രീതികള്‍, വൈവിധ്യമാര്‍ന്ന ഫണ്ടിംഗ് പ്രൊഫൈല്‍ എന്നിവയെ ബിഎ1 റേറ്റിംഗ് പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെല്ലുവിളി നിറഞ്ഞ വിപണി സാഹചര്യങ്ങളെ മറികടക്കാനുള്ള മുത്തൂറ്റിന്റെ പ്രവര്‍ത്തനങ്ങളെയും മൂഡീസ് റേറ്റിങുകളിലൂടെ അംഗീകരിച്ചിട്ടുണ്ട്. മുത്തൂറ്റിലെ ജീവനക്കാരുടെ സമര്‍പ്പണത്തിനും ഉപഭോക്താക്കളുടെ വിശ്വാസത്തിനും മുത്തൂറ്റിന്റെ പങ്കാളികളുടെ പിന്തുണയ്ക്കുമുള്ള തെളിവാണ് ഈ അംഗീകാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണ്ണ പണയ വ്യവസായത്തിലെ മുത്തൂറ്റിന്റെ ശക്തമായ പ്രവര്‍ത്തന നിയന്ത്രണങ്ങളും റിസ്‌ക് മാനേജ്മെന്റ് രീതികളും അതിന്റെ വളര്‍ച്ചയെയും ആസ്തി ഗുണനിലവാരത്തെയും പിന്തുണയ്ക്കുന്നുണ്ട്.
മറ്റ് ബാങ്കുകളുടേയും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടേയും ശക്തമായ മത്സരവും വായ്പ രീതികളും ഉണ്ടായിരുന്നിട്ടും മുത്തൂറ്റ് ഫിനാന്‍സ് അതിന്റേതായ മാനദണ്ഡങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇത് സ്ഥിരമായ വായ്പ വളര്‍ച്ചയ്ക്കും സ്ഥിരതയുള്ള ആസ്തിയുടെ ഗുണനിലവാരത്തിനും കാരണമായി.
റേറ്റുചെയ്ത ഇന്ത്യന്‍ ധനകാര്യ സ്ഥാപനങ്ങളില്‍ ഏറ്റവും ലാഭകരമായത് മുത്തൂറ്റാണ്. മുത്തൂറ്റിന്റെ ലാഭക്ഷമത ഒരു പ്രധാന ക്രെഡിറ്റ് ശക്തിയാണ്.
2024 ഡിസംബറില്‍ അവസാനിച്ച ഒന്‍പത് മാസങ്ങളുടെ ശരാശരി മാനേജ്ഡ് ആസ്തികളിലുള്ള അറ്റാദായം 4.9% ആയിരുന്നു. ഉയര്‍ന്ന അറ്റ പലിശ മാര്‍ജിനും സ്വര്‍ണ്ണ പണയത്തിന്മേലുള്ള കുറഞ്ഞ ക്രെഡിറ്റ് ചെലവുകളും ഇതിനെ പിന്തുണയ്ക്കുന്നു.
കമ്പനിയുടെ മികച്ച ലാഭക്ഷമത ആന്തരിക മൂലധനത്തെ പിന്തുണയ്ക്കുന്നുണ്ട്. 2024 ഡിസംബര്‍ അവസാനത്തോടെയുള്ള ഏകദേശം 23.3% എന്ന ആകെ കൈകാര്യം ചെയ്ത ആസ്തികളിലുള്ള (ടിസിഇ/ടിഎംഎ) അതിന്റെ പൊതു ഇക്വിറ്റിയിലും ഇത് പ്രതിഫലിക്കുന്നുണ്ട്.
കൂടാതെ, എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗില്‍ നിന്നും ‘സ്റ്റേബിള്‍’ ഔട്ട്‌ലുക്കോടെ ബിബി+ പദവിയിലേക്കുള്ള ഉയര്‍ച്ചയും ലഭിച്ചിട്ടുണ്ട്. ഇത് മുത്തൂറ്റിന്റെ ശക്തമായ സാമ്പത്തിക സ്ഥിതിയും ധനകാര്യ സേവന മേഖലയിലെ മികവിനുള്ള പ്രതിബദ്ധതയും കൂടുതല്‍ ശക്തിപ്പെടുത്തുന്നു.