ഒരാൾ ആഴ്ചയിൽ എത്ര മണിക്കൂർ ജോലി ചെയ്യണം ​?; ഉത്തരം നൽകി ഗൗതം അദാനി

ഒരാൾ ആഴ്ചയിൽ എത്ര മണിക്കൂർ ജോലി ചെയ്യണം ​?; ഉത്തരം നൽകി ഗൗതം അദാനി

January 1, 2025 0 By BizNews

മുംബൈ: വർക്ക് ലൈഫ് ബാലൻസിൽ പ്രതികരിച്ച് വ്യവസായി ഗൗതം അദാനി. ഒരാൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യം ചെയ്യുമ്പോഴാണ് വർക്ക് ലൈഫ് ബാലൻസ് അനുഭവപ്പെടുകയെന്ന് ഗൗതം അദാനി പറഞ്ഞു. വാർത്ത ഏജൻസിയായ ഐ.എ.എൻ.എസിന് നൽകിയ അഭിമുഖത്തിലാണ് ഗൗതം അദാനിയുടെ പ്രതികരണം.

നിങ്ങളുടെ വർക്ക് ലൈഫ് ബാലൻസ് എന്റെ മേൽ അടിച്ചേൽപ്പിക്കരുത്. അതുപോലെ തിരിച്ച് എന്റേത് ഇത്തരത്തിൽ മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കരുത്. ചിലർക്ക് കുടുംബത്തോടൊപ്പം നാല് മണിക്കൂർ ചെലവിട്ട് സന്തോഷം കണ്ടെത്താനാവും. ചിലർക്ക് ഇതിന് എട്ട് മണിക്കൂർ ചെലവിടേണ്ടി വരുമെന്നും അദാനി പറഞ്ഞു.

സ്വന്തം സന്തോഷത്തിനും കുടുംബാംഗങ്ങളുടെ സന്തോഷത്തിനുമാണ് വർക്ക് ലൈഫ് ബാലൻസിൽ ഊന്നൽ നൽകേണ്ടത്. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ജോലിയും ജീവിതവും സന്തുലിതമാകും. എനിക്ക് ഇതുവിട്ട് വേറെ ​ഒരു ലോകമില്ല. എന്റെ കുട്ടികളും ഇത് മനസിലാക്കുന്നു. ഒരാളും ഇവിടെ സ്ഥിരമായി ജോലി ചെയ്യാൻ വന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇൻഫോസിസിലെ ജീവനക്കാർ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന നാരായണ മൂർത്തിയുടെ പ്രതികരണം.ഇന്ത്യയുടെ വികസനത്തിന് വിശ്രമമല്ല, ത്യാഗമാണ് വേണ്ടതെന്നും ഒരാഴ്ചയില്‍ 70 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്നുമായിരുന്നു നാരായണ മൂര്‍ത്തിയുടെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരാഴ്ചയില്‍ 100 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പ്രയത്‌നം കൊണ്ട് നമുക്ക് ചുറ്റിലുമുണ്ടാകുന്ന മാറ്റങ്ങളെ അഭിനന്ദിക്കേണ്ടത് അദ്ദേഹത്തെ പോലെ ജോലിചെയ്താണെന്നും മൂര്‍ത്തി അഭിപ്രായപ്പെട്ടിരുന്നു.

തന്റെ കരിയറില്‍ ഭൂരിഭാഗവും ആറര ദിവസമായിരുന്നു തന്റെ വര്‍ക്ക് വീക്ക് എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു ദിവസം 14 മണിക്കൂര്‍ ജോലി ചെയ്തിരുന്നു. രാവിലെ ആറരയോടെ ഓഫീസിലെത്തിയിരുന്ന താന്‍ വൈകുന്നേരം എട്ടരയോടെയായിരുന്നു തിരിച്ച് പോയിരുന്നതെന്നുമാണ് നാരായണ മൂര്‍ത്തി പറഞ്ഞത്. അതില്‍ തനിക്ക് അഭിമാനം മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.