വൈദ്യുത ചാര്‍ജിംഗ് ശൃംഖല വ്യാപിപ്പിക്കാൻ ടാറ്റ
December 31, 2024 0 By BizNewsകൊച്ചി: ഒന്നരവർഷത്തിനുള്ളില്‍ ഇന്ത്യയില്‍ 22,000 വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാൻ ടാറ്റ ഇ.വി പദ്ധതി തയ്യാറാക്കി.
ആറ് ചാർജ് പോയിന്റ് ഓപ്പറേറ്റർമാരുമായും (സി.പി.ഒ.) രണ്ട് ഓയില്‍ മാർക്കറ്റിംഗ് കമ്പനികളുമായും (ഒ.എം.സി.) സഹകരിച്ചാണ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക.
ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റാൻ ചാർജിംഗ് സ്റ്റേഷനുകള്‍ അധികമായി സ്ഥാപിക്കാനും മികച്ച രീതിയില്‍ മാനേജ് ചെയ്യാനുമാണ് തീരുമാനം. ഇന്ത്യൻ റോഡുകളില്‍ 1.9 ലക്ഷത്തിലധികം വൈദ്യുത വാഹനങ്ങളുണ്ടെന്നാണ് കണക്കുകള്‍.
വൈദ്യുത വാഹനങ്ങള്‍ സ്ഥിരം ഉപയോഗിക്കുന്നതിന് ടാറ്റ പവറുമായി ചേർന്ന് ടാറ്റ ഇ.വി റൂഫ്‌ടോപ്പ് സോളാർ സംവിധാനം ഉപയോഗിക്കുന്ന സംയോജിത സാമ്പത്തിക പാക്കേജ് അവതരിപ്പിക്കും.
20 ശതമാനം ഉപയോക്താക്കള്‍ മേല്‍ക്കൂര സോളാർ സ്ഥാപിച്ചതായി പഠനത്തില്‍ കണ്ടെത്തി. 93 ശതമാനം വൈദ്യുതവാഹനങ്ങളും വീട്ടില്‍ നിന്നാണ് ചാർജ് ചെയ്യുന്നത്.
പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ യാത്രാസൗകര്യങ്ങളുടെ വർദ്ധിക്കുന്ന സ്വീകാര്യതയെ പ്രയോജനപ്പെടുത്തുകയാണ് ടാറ്റാ ഇ.വിയുടെ ലക്ഷ്യം.