കെ.എസ്.ആർ.ടി.സിക്ക് റെക്കോഡ് കലക്ഷൻ; നേട്ടം അവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തിൽ
December 28, 2024തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോഡിലേക്ക്. തുടർച്ചയായ അവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ തിങ്കളാഴ്ചയാണ് പ്രതിദിന വരുമാനം 9.22 കോടി രൂപ എന്ന നേട്ടം കൊയ്തത്. 2023 ഡിസംബർ 23ന് നേടിയ 9.06 കോടിയെന്ന നേട്ടമാണ് തിങ്കളാഴ്ച മറികടന്നത്.
ശബരിമല സ്പെഷൽ സർവിസുകൾക്കൊപ്പം ജനറൽ സർവിസുകൾ കൃത്യമായി ഓപറേറ്റ് ചെയ്തതും നഷ്ടട്രിപ്പുകൾ ഒഴിവാക്കിയതുമാണ് നേട്ടത്തിന് കാരണം. മുൻകൂട്ടി ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തിയതിന് പുറമേ വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ അധിക സർവിസുകളും വീക്കെൻഡ് സർവിസുകളും ഏർപ്പെടുത്തിയിരുന്നു.
പുതുതായി ആരംഭിച്ച തിരുവനന്തപുരം-കോഴിക്കോട്-കണ്ണൂർ സർവിസും ജനപ്രിയമാണെന്നാണ് മാനേജ്മെന്റ് വിലയിരുത്തൽ. മുഴുവൻ ജീവനക്കാരെയും സൂപ്പർവൈർമാരെയും ഓഫിസർമാരെയും ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറും സി.എം.ഡി പ്രമോജ് ശങ്കറും അനുമോദിച്ചു.