‘അഞ്ച് ദിവസം മുന്നേ വിളിച്ചതല്ലേ നീ; എന്താണ് ദിലീപേ നിനക്ക് പറ്റിയത്’; സീമ ജി.നായർ
December 29, 2024തിരുവനന്തപുരം: സിനിമാ – സീരിയൽ താരം ദിലീപ് ശങ്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. ദിലീപ് ശങ്കറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി പേര്‍ രംഗത്തെത്തുകയാണ്. ഇപ്പോഴിതാ നടി സീമ ജി നായറും താരത്തിനു ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
അഞ്ച് ദിവസം മുൻപ് വിളിച്ചതായിരുന്നുവെന്നും എന്നാൽ അന്ന് തലവേദനയായി കിടന്നതുകൊണ്ടു സംസാരിക്കാൻ പറ്റിയില്ലെന്നും സീമ പറയുന്നു. ഒരു പത്ര പ്രവർത്തകൻ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞതെന്നും ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ താരം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ആദരാഞ്ജലികൾ ..5 ദിവസം മുന്നേ എന്നെ വിളിച്ചതല്ലേ നീ ..അന്ന് തലവേദനയായി കിടന്നതുകൊണ്ടു സംസാരിക്കാൻ പറ്റിയില്ല ..ഇപ്പോൾ ഒരു പത്ര പ്രവർത്തകൻ വിളിച്ചപ്പോളാണ് വിവരം അറിയുന്നത് ..എന്താണ് ദിലീപ് നിനക്ക് പറ്റിയത് ..ഒന്നും പറ്റുന്നില്ലല്ലോ ഈശ്വര .എന്ത് എഴുതണമെന്നു അറിയില്ല ആദരാഞ്ജലികൾ.
സീരിയൽ അഭിനയത്തിനായാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത് എന്നാണ് വിവരം. നാല് ദിവസം മുൻപാണ് അദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഒപ്പം അഭിനയിക്കുന്നവർ ദിലീപിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇതോടെ ഹോട്ടലിലേക്ക് വിളിച്ച് അന്വേഷിക്കുകയായിരുന്നു. ഇതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കി. അപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചിരുന്നു.
സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ. മുറിക്കുള്ളിൽ ഫൊറൻസിക് സംഘം പരിശോധന നടത്തുമെന്നും കൻ്റോൺമെൻ്റ് എസിപി അറിയിച്ചു. എന്താണ് മരണ കാരണമെന്നത് പോസ്റ്റ്‌മോർട്ടം പരിശോധനയിലേ വ്യക്തമാകൂ. ‘അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്നി അടക്കം ഹിറ്റ് സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. പഞ്ചാഗ്നി എന്ന സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദിലീപ് ശങ്കർ ആണ്. ഇതിനു പുറമെ ചാപ്പാ കുരിശ്. നോർത്ത് 24 കാതം, എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് അദ്ദേഹത്തിന് സത്യജിത് റേ പുരസ്‌കാരം ലഭിച്ചത്.