ജനപ്രിയ സേവനം ആരും അറിയാതെ നിര്‍ത്തി റെയില്‍വേ

ജനപ്രിയ സേവനം ആരും അറിയാതെ നിര്‍ത്തി റെയില്‍വേ

December 28, 2024 0 By BizNews

മയനിഷ്ഠ ഒട്ടും പാലിക്കാത്ത സര്‍ക്കാര്‍ വകുപ്പുകളില്‍ ഒന്നാണ് ഇന്ത്യന്‍ റെയില്‍വേ. ഒട്ടുമിക്ക എല്ലാ ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഈ ദുഷ്‌പേര് ഇതുവരെ പൂര്‍ണമായി ഒഴിവാക്കാന്‍ റെയില്‍വേയ്ക്ക് സാധിച്ചിട്ടില്ല.

പലപ്പോഴും ചോദ്യങ്ങള്‍ക്കു മറുപടി പോലും ലഭിക്കാത്ത അവസ്ഥയണെന്ന് സ്ഥിരം യാത്രക്കാര്‍ പോലും പറയുന്നു. ഇത്തരം സാഹചര്യങ്ങളില്‍ റീഫണ്ട് എന്ന ഓപ്ഷനായിരുന്നു യാത്രക്കാര്‍ക്ക് ഏക ആശ്വാസം. എന്നാല്‍ ഇനിമുതല്‍ ഈ ലൈഫ് ലൈനും ഉണ്ടാകില്ലെന്ന തര്ത്തിലാണ് കാര്യങ്ങളുടെ കിടപ്പെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വാര്‍ത്താ ഏജന്‍സിയായി പിടിഐ സമര്‍പ്പിച്ച വിവരാവകാശ രേഖയ്ക്ക് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വൈകുന്ന സ്വകാര്യ ട്രെയിനുകള്‍ക്ക് റീഫണ്ട് നല്‍കുന്ന സൗകര്യം ഇന്ത്യന്‍ റെയില്‍വേ നിര്‍ത്തലാക്കിയിരിക്കുന്നു.

അധികം ആരും അറിയാതെ മൗനമായാണ് ഈ പിന്‍മാറ്റം. അതായത് ട്രെയിന്‍ വൈകുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ഇനി മുതല്‍ ടിക്കറ്റ് നിരക്കില്‍ റീഫണ്ട് ക്ലെയിം ചെയ്യാന്‍ സാധിക്കില്ല. ട്രെയിന്‍ വൈകിയാല്‍ വരുന്നതു വരെ കാത്തിരിക്കുക. അല്ലാത്ത പക്ഷം ടിക്കറ്റ് ചാര്‍ജ് വേണ്ടെന്നു വച്ചു മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്നു സാരം.

2024 ഫെബ്രുവരി 15 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നെന്നാണ് ഐആര്‍സിടിസിയുടെ മറുപടി വ്യക്തമാക്കുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരം യാത്രക്കാര്‍ പോലും ഇതുവരെ അറിഞ്ഞിട്ടില്ല.

അതേസമയം സ്വകാര്യ ട്രെയിനുകളുടെ കാലതാമസത്തിനാകും യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാതിരിക്കുക എന്ന കാര്യം ശ്രദ്ധിക്കുക. റെയില്‍വേ മന്ത്രാലയത്തിനു കീഴില്‍ സ്ഥാപിതമായ ഐആര്‍സിടിസി എന്ന ഉപസ്ഥാപനം ഇന്ത്യന്‍ റെയില്‍വേയ്ക്കായി കാറ്ററിംഗ്, ടൂറിസം, ടിക്കറ്റ് ബുക്കിംഗ്, സ്വകാര്യ ട്രെയിനുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 2019 ഒക്ടോബര്‍ 4 നും- 2024 ഫെബ്രുവരി 16 നും ഇടയില്‍ ഐആര്‍സിടിസി യാത്രക്കാര്‍ക്ക് 26 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ നിന്ന് ലഖ്നൗവിലേക്കും, അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കും സര്‍വീസ് നടത്തുന്ന തേജസ് ട്രെയിന്‍ ആണ് ഈ നഷ്ടപരിഹാരത്തിനു പ്രധാന കാരണം.

സ്വകാര്യ ട്രെയിനുകളിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്നതിനാണ് ഐആര്‍സിടിസി ഈ നഷ്ടപരിഹാര പദ്ധതി അവതരിപ്പിച്ചിരുന്നത്. എന്നാല്‍ പദ്ധതി കമ്പനിക്കു തന്നെ ബാധ്യതയാകാന്‍ തുടങ്ങിയതോടെയാണ് പിന്‍മാറ്റം.

രഹസ്യസ്വഭാവം ചൂണ്ടിക്കാട്ടി പദ്ധതി പിന്‍വലിക്കാനുള്ള കാരണങ്ങള്‍ വെളിപ്പെടുത്താന്‍ വിവരാവകാശ രേഖയ്ക്കു നല്‍കിയ മറുപടിയില്‍ കോര്‍പ്പറേഷന്‍ ശ്രമം നടത്തുന്നുണ്ട്. രണ്ട് തേജസ് ട്രെയിനുകളിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്നതിനുള്ള ഒരു മാര്‍ക്കറ്റിംഗ് തന്ത്രമായിരുന്നു ഈ പദ്ധതിയെന്നതാണ് സത്യം.

2019- 20ല്‍ 1.78 ലക്ഷം രൂപ, 2020- 21ല്‍ 0 രൂപ, 2021- 22ല്‍ 96,000 രൂപ, 2022- 23ല്‍ 7.74 ലക്ഷം രൂപ, 2023- 24ല്‍ 15.65 ലക്ഷം രൂപ എന്നിങ്ങനെയാണ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കിയതെന്നു രേഖ വ്യക്തമാക്കുന്നു.

വൈകിയ ട്രെയിനുകള്‍ക്കുള്ള നഷ്ടപരിഹാര ഘടനയും കോര്‍പ്പറേഷന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 60- 120 മിനിറ്റ് വൈകിയാല്‍ ഒരു യാത്രക്കാരന് 100 രൂപയും, 120- 240 മിനിറ്റ് വൈകിയാല്‍ ഒരു യാത്രക്കാരന് 250 രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കിയത്.

ട്രെയിന്‍ റദ്ദാക്കുന്ന സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ മുഴുവന്‍ ടിക്കറ്റ് നിരക്കും യാത്രക്കാര്‍ക്ക് തിരികെ നല്‍കിയിരുന്നു. കാലതാമസമുണ്ടായാല്‍ യാത്രക്കാര്‍ക്ക് ഭക്ഷണം, വെള്ളം സൗകര്യവും ഒരുക്കിയിരുന്നു.