സുസുക്കി മോട്ടർ കോർപറേഷൻ മുൻ ചെയർമാൻ ഒസാമു സുസുക്കി അന്തരിച്ചു

സുസുക്കി മോട്ടർ കോർപറേഷൻ മുൻ ചെയർമാൻ ഒസാമു സുസുക്കി അന്തരിച്ചു

December 28, 2024 0 By BizNews
Osamu Suzuki, former chairman of Suzuki Motor Corporation, has passed away

സുസുക്കി മുൻ ചെയർമാൻ ഒസാമു സുസുക്കി അന്തരിച്ചു. അർബുദ രോഗബാധയേതുടർന്നാണ് മരണം. ഡിസംബർ 25നാണ് മരിച്ചതെന്ന് കമ്പനി അറിയിച്ചു. 40 വർഷത്തോളം സുസുക്കി കമ്പനിയെ നയിച്ചത് ഒസാമുവായിരുന്നു.

സുസുക്കിയെ ജനപ്രിയ ബ്രാൻഡാക്കി മാറ്റിയതിൽ വലിയ പങ്കുവഹിച്ച ഒസാമു 2021ലാണ് കമ്പനിയുടെ ചെയർമാൻ സ്ഥാനത്തുനിന്നും മാറിയത്.

ഒസാമുവിന്റെ കാലത്താണ് മാരുതി ചെറുകാറുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യയുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിച്ചതും ഒസാമുവിന്റെ കാലത്താണ്. മാരുതി 800 എന്ന ജനപ്രിയ ബ്രാൻഡിന്റെ ഉപജ്ഞാതാവും അദ്ദേഹമാണ്.

1958 ലാണ് ഒസാമു ഔദ്യോഗികമായി സുസുകി മോട്ടോര്‍ കോര്‍പറേഷനില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ജൂനിയര്‍ മാനേജ്‌മെന്റ് തസ്തികയില്‍ തുടങ്ങി കമ്പനിയിലെ വിവിധ തസ്തികകളിലെ അനുഭവ സമ്പത്തുമായി 1963 ല്‍ അദ്ദേഹം ഡയറക്ടര്‍ സ്ഥാനത്തെത്തി.

1978 ല്‍ കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി. 2021 ല്‍ തന്റെ 91-ാം വയസില്‍ ഒസാമു സുസുക്കി മോട്ടോറില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചു.