വിമാനാപകടത്തിന് പിന്നാലെ ജെജു എയറിന് തിരിച്ചടി; 68,000 ടിക്കറ്റുകൾ റദ്ദാക്കി, ഓഹരി വിപണിയിലും തിരിച്ചടി
December 31, 2024സോൾ: 179 പേർ വെന്തുമരിച്ച ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിന് പിന്നാലെ ജെജു എയറിന് തിരിച്ചടിയായി ടിക്കറ്റുകൾ റദ്ദാക്കി യാത്രക്കാർ. യാത്രക്കായി മുൻകൂട്ടി ബുക്ക് ചെയ്ത 68,000 ടിക്കറ്റുകളാണ് റദ്ദാക്കപ്പെട്ടത്. അതോടൊപ്പം, ഓഹരി വിപണിയിലും ജെജു എയർലൈൻസിന് തിരിച്ചടി നേരിട്ടു. 15 ശതമാനം ഇടിവാണ് ജെജു എയർലൈൻസിന്‍റെ ഓഹരികൾക്ക് ഉണ്ടായത്.
അതേസമയം, അപകടത്തിൽ മരിച്ച 141 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ബാക്കിയുള്ളവയുടെ ഡി.എൻ.എ പരിശോധന തുടരുകയാണ്. 39 വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്ന ജെജു എയറിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് സമഗ്ര അവലോകനം നടത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.�
ഡിസംബർ 29നാണ് ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനെയാണ് ജെജു എയറിന്‍റെ ബോയിങ് 737-8എ.എസ് വിമാനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 179 പേർ മരിച്ചിരുന്നു. രണ്ടു യാത്രക്കാരെ രക്ഷപ്പെടുത്തി.
ആറ് ജീവനക്കാർ അടക്കം 181 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. ഇതിൽ 173 യാത്രക്കാർ ദക്ഷിണ കൊറിയക്കാരും രണ്ടു പേർ തായ്‌ലൻഡ് പൗരന്മാരുമാണ്. ഹൈഡ്രോളിക് ഗീയർ തകരാറിലായതിനെ തുടർന്ന് ബെല്ലി ലാൻഡിങ് ആണ് വിമാനം നടത്തിയത്. റൺവേയിലൂടെയും മണ്ണിലൂടെയും നിരങ്ങിനീങ്ങിയ വിമാനം വലിയ കോൺക്രീറ്റ് മതിലിൽ ഇടിച്ചു പൊട്ടിത്തെറിക്കുകയായിരുന്നു.
രാജ്യത്തെ എയർലൈനുകൾ നടത്തുന്ന എല്ലാ 101 ബോയിങ് 737-800 ജെറ്റ്ലൈനറുകളുടെയും സുരക്ഷ പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു