യുഎസിലെ കേസിൽ പ്രതികരിച്ച് ഗൗതം അദാനി; ‘എല്ലാ ആക്രമണങ്ങളും ഞങ്ങളെ കൂടുതൽ ശക്തരാക്കുന്നു’

യുഎസിലെ കേസിൽ പ്രതികരിച്ച് ഗൗതം അദാനി; ‘എല്ലാ ആക്രമണങ്ങളും ഞങ്ങളെ കൂടുതൽ ശക്തരാക്കുന്നു’

December 2, 2024 0 By BizNews

ന്യൂഡൽഹി: എല്ലാ ആക്രമണങ്ങളും തങ്ങളെ കൂടുതൽ ശക്തരാക്കുകയാണ് ചെയ്യുന്നതെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. യു.എസ് നീതി വകുപ്പ് അഴിമതി കേസിൽ കുറ്റക്കാരനാക്കിയതിന് പിന്നാലെയാണ് ഗൗതം അദാനി യുടെ പ്രതികരണം.

ഞങ്ങൾക്ക് വിജയങ്ങളും വെല്ലുവിളികളുമുണ്ടായിട്ടുണ്ട്. എന്നാൽ, ഇതൊന്നും ഞങ്ങളെ തളർത്തിയിട്ടില്ല. വെല്ലുവിളികൾ ഞങ്ങളെ കൂടുതൽ കരുത്തരാക്കുകയാണ് ചെയ്യുന്നതെന്ന് ഗൗതം അദാനി പറഞ്ഞു.

ഇതിൽ ഒടുവിലത്തേതാണ് യു.എസിൽ ഉയർന്നുവന്ന കേസ്. അത് ഞങ്ങളെ കൂടുതൽ കരുത്തരാക്കുകയാണ് ചെയ്യുന്നതെന്നും അദാനി കൂട്ടിച്ചേർത്തു.

നേരത്തെ സൗരോർജ പദ്ധതിയിൽ അദാനി ഗ്രൂപ്പിനെതിരായ യു.എസിലെ കുറ്റപത്രത്തിൽ ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കുമെതിരെ കൈക്കൂലി കുറ്റമില്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.

അദാനിക്കെതിരെ കൈക്കൂലിക്കുറ്റമെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ട് തെറ്റാണെന്നും അദാനി ഗ്രീൻ എനർജി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു. ഗൗതം അദാനി, സാഗർ അദാനി, ഗ്രീൻ എനർജി ചെയർമാൻ വിനീത് ജയിൻ എന്നിവർക്കെതിരെ കൈക്കൂലിക്കുറ്റം ഉൾപ്പെട്ടിട്ടില്ല എന്നും കമ്പനി വിശദീകരണത്തിൽ വ്യക്തമാക്കി.

കുറ്റപത്രത്തിൽ അഞ്ച് കുറ്റങ്ങൾ ഉൾപ്പെടുന്നുണ്ടെന്നും അതിൽ ഗൗതം അദാനിക്കും സാഗർ അദാനിക്കും വിനീത് ജെയിനിനുമെതിരെ കൈക്കൂലിയോ അഴിമതി ആരോപണമോ ഉൾപ്പെടുന്നില്ലെന്നും കമ്പനി അറിയിച്ചിരുന്നു.

കൈക്കൂലി വാഗ്ദാനം ചെയ്‌തു എന്ന് മാത്രമാണ് യു.എസ് കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ കൈക്കൂലി നൽകിയതിന് തെളിവുകളൊന്നും ഇതുവരെ ഹാജരാക്കിയിട്ടില്ല.

യു.എസ് അദാനി ഗ്രൂപ്പിനെതിരെ നടപടിയെടുത്തെന്ന തരത്തിലെ തെറ്റായ വാർത്ത കമ്പനിക്ക് വലിയ നഷ്ടം വരുത്തിയെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.

നാല് ഇന്ത്യൻ സംസ്ഥാനങ്ങളിലെ സൗരോർജ കരാറുകൾക്ക് അനുകൂലമായ വ്യവസ്ഥകൾക്ക് പകരമായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ (ഏകദേശം 2,200 കോടി രൂപ) കൈക്കൂലി നൽകാനുള്ള ശ്രമം നടത്തിയെന്നാണ് അദാനിക്കെതിരായ യു.എസ് നീതിന്യായ വകുപ്പിന്‍റെ കുറ്റപത്രം.

അദാനിക്കെതിരായ ആരോപണങ്ങൾ ഗൗരവതരമാണെന്നും ഇന്ത്യൻ അധികാരികൾ അന്വേഷിക്കണമെന്നും തിവാരി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ വാദിച്ചു.