ഇന്ത്യയിലേക്കുള്ള കല്‍ക്കരി കയറ്റുമതി വര്‍ധിപ്പിക്കാന്‍ റഷ്യ
October 8, 2024 0 By BizNewsന്യൂഡൽഹി: ഇന്ത്യയിലേക്ക് കല്‍ക്കരി കയറ്റുമതി വര്‍ധിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്സാണ്ടര്‍ നൊവാക്. റഷ്യന്‍ കല്‍ക്കരി ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യമായി ചൈന തുടരുന്നു.
എന്നാല്‍ അടുത്ത ദശകത്തിന്റെ തുടക്കത്തോടെ ഇന്ത്യ അതിനെ മറികടക്കുമെന്ന് മോസ്കോ പറഞ്ഞു. കാരണം ബെയ്ജിംഗ് വൈദ്യുതി ഉല്പാദനത്തിനായി കല്‍ക്കരി ഉപയോഗം വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുകയാണ്.
റെക്കോര്‍ഡ് വൈദ്യുതി ആവശ്യകത പരിഹരിക്കാന്‍ ഇന്ത്യ കല്‍ക്കരിയെ കൂടുതലായി ആശ്രയിക്കുന്നു. ഈ വര്‍ഷമാദ്യം കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പ്പാദനം 2019 ന് ശേഷം ആദ്യമായി പുനരുപയോഗ ഊര്‍ജ്ജ വളര്‍ച്ചയെ മറികടക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കല്‍ക്കരി ഉല്‍പ്പാദനം റെക്കോര്‍ഡ് 997.828 ദശലക്ഷം മെട്രിക് ടണ്ണായി ഉയര്‍ന്നു. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 12 ശതമാനം വര്‍ധന. 2023ല്‍ ഇന്ത്യയുടെ വൈദ്യുതി ഉല്‍പ്പാദനത്തിന്റെ 75 ശതമാനവും കല്‍ക്കരിയില്‍ നിന്നായിരുന്നു.
2023-ല്‍ ഇന്ത്യ 176 ദശലക്ഷം ടണ്‍ താപ കല്‍ക്കരി ഇറക്കുമതി ചെയ്തു. റഷ്യയുടെ ഊര്‍ജ മന്ത്രാലയം പറയുന്നതനുസരിച്ച്, ഇന്ത്യയിലേക്കുള്ള റഷ്യന്‍ കയറ്റുമതി കഴിഞ്ഞ വര്‍ഷം 26.2 ദശലക്ഷം ടണ്ണിലെത്തി. 2022 ല്‍ ഇത് 20 ദശലക്ഷം ടണ്ണായിരുന്നു.
റഷ്യ ഇതിനകം തന്നെ ഇന്ത്യയിലേക്ക് ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വിതരണക്കാരാണ്. ‘റഷ്യന്‍ കല്‍ക്കരി ഉല്‍പ്പാദിപ്പിക്കുന്ന സംരംഭങ്ങള്‍ക്ക് കാര്യമായ വിഭവങ്ങളുണ്ട്, അതിവേഗം വളരുന്ന ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാന്‍ താല്‍പ്പര്യമുണ്ട്,’ നൊവാകിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പറയുന്നു.
അടുത്ത രാഷ്ട്രീയ, ബിസിനസ് ബന്ധങ്ങള്‍ ഉണ്ടെങ്കിലും റഷ്യയ്ക്കെതിരായ ഉപരോധത്തെക്കുറിച്ച് ഇന്ത്യ ജാഗ്രത പുലര്‍ത്തുന്നു.