ഹീറോ മോട്ടോഴ്‌സ്‌ 900 കോടിയുടെ ഐപിഒ അപേക്ഷ പിന്‍വലിച്ചു

ഹീറോ മോട്ടോഴ്‌സ്‌ 900 കോടിയുടെ ഐപിഒ അപേക്ഷ പിന്‍വലിച്ചു

October 8, 2024 0 By BizNews
Hero Motors withdraws IPO application for Rs 900 crore

മുംബൈ: വാഹനങ്ങളുടെ ഘടകഭാഗങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായ ഹീറോ മോട്ടോഴ്‌സ്‌ 900 കോടി രൂപയുടെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫറി(ഐപിഒ)നുള്ള അപേക്ഷ പിന്‍വലിച്ചു.

നേരത്തെ ഐപിഒ വഴി മൊത്തം 900 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കാന്‍ പങ്കജ്‌ മുഞ്‌ജാലിന്റെ ഹീറോ മോട്ടോഴ്‌സ്‌ സെക്യൂരിറ്റീസ്‌ ആന്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ(സെബി)യ്‌ക്ക്‌ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഇതാണ്‌ പിന്‍വലിച്ചത്‌.

500 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 400 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) നടത്താനായിരുന്നു കമ്പനിയുടെ പദ്ധതി.

ഒഎഫ്‌എസ്‌ വഴി പ്രൊമോട്ടര്‍മാരായ ഒപി മുഞ്‌ജാല്‍ ഹോള്‍ഡിംഗ്‌സിന്റെയും ഭാഗ്യോദയ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെയും ഹീറോ സൈക്കിള്‍സിന്റെയും കൈവശമുള്ള ഓഹരികള്‍ വില്‍ക്കാനായിരുന്നു നീക്കം.

ഹീറോ മോട്ടോഴ്‌സിന്റെ വരുമാനം 2021-22 സാമ്പത്തിക വര്‍ഷത്തിലെ 914 കോടി രൂപയില്‍ നിന്ന്‌ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 1064 കോടി രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട്‌.

മൊത്ത ലാഭം 281 കോടി രൂപയില്‍ നിന്ന്‌ 419 കോടി രൂപയായി ഉയരുകയും ചെയ്‌തു.