ചൈനയിൽ വിശ്വാസം നഷ്ടപ്പെട്ട്‌ നിക്ഷേപകർ പിൻവാങ്ങുന്നു ; ആഗോള സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ

ചൈനയിൽ വിശ്വാസം നഷ്ടപ്പെട്ട്‌ നിക്ഷേപകർ പിൻവാങ്ങുന്നു ; ആഗോള സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ

February 9, 2024 0 By BizNews

ന്യൂഡൽഹി: ആഗോള സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി ലോകത്തെ വളരുന്ന സാമ്പത്തിക ശക്തിയെന്ന ഖ്യാതികേട്ട ചൈനയിൽ നിന്ന് നിക്ഷേപകർ കൂട്ടത്തോടെ പിൻവാങ്ങിയതോടെയാണ് ലോക സമ്പദ്‌വ്യവസ്ഥ പുതിയൊരു അധ്യായം തുറക്കപ്പെടുന്നത്. ഈ പണം ഇന്ത്യയിലേക്കാണ് ഒഴുകുന്നതെന്നാണ് റിപ്പോർട്ടുകൾ.

വാൾ സ്ട്രീറ്റ് ഭീമന്മാരായ ഗോൾഡ്മാൻ സാച്സ് ഗ്രൂപ്പ്, മോർഗൻ സ്റ്റാൻലി തുടങ്ങിയവർ അടുത്ത പതിറ്റാണ്ടിലെ പ്രധാന നിക്ഷേപ കേന്ദ്രമായി അംഗീകരിക്കുന്നത് ഇന്ത്യയെയാണ്.

ജപ്പാനിലെ യാഥാസ്ഥിതികരായ പരമ്പരാഗത റിട്ടെയ്ൽ നിക്ഷേപകർ പോലും ഇന്ത്യയെ സ്വീകരിച്ചു കഴിഞ്ഞു.

ഏഷ്യയിലെ രണ്ടുവലിയ ശക്തികളായ ഇന്ത്യയുടെയും ചൈനയുടെയും തികച്ചും വ്യത്യസ്തമായ സഞ്ചാരപഥങ്ങളെ നിക്ഷേപകർ അതിസൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ലോകത്തെ വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യ, അതിന്റെ നിക്ഷേപകരെ ആകർഷിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിക്കഴിഞ്ഞു. ചൈനയാകട്ടെ തുടർച്ചയായ സാമ്പത്തിക പ്രശ്നങ്ങളും പാശ്ചാത്യ ലോകനേതൃത്വവുമായി തുടരുന്ന ഭിന്നതകളും കൊണ്ട് അസ്വസ്ഥമാണ്.

‘‘പല കാരണങ്ങൾകൊണ്ട് ആളുകൾക്ക് ഇന്ത്യയെ ഇഷ്ടമാണ്. ഒന്ന്, ഇന്ത്യ ചൈനയല്ല. കലർപ്പില്ലാത്ത ദീർഘകാല വളർച്ച നിങ്ങൾക്ക് ഇന്ത്യയിൽ കാണാൻ സാധിക്കും.’’ ഏഷ്യൻ ഇക്വിറ്റീസ് പോർട്ട്ഫോളിയോയുടെ മാനേജരായ വികാസ് പെർശദ് പറയുന്നു.

ഇന്ത്യൻ സാമ്പത്തിക വളർച്ചയും ഓഹരി വിപണി മൂല്യവും തമ്മിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായാണ് ചരിത്രം സൂചിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കുള്ളിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനവും വിപണി മൂലധനവും 500 ബില്യൺ ഡോളറിൽ നിന്ന് 3.5 ട്രില്യൺ ഡോളറായി ഉയർന്നിരുന്നു.