പലിശനിരക്കിൽ മാറ്റമില്ല; 6.5 ശതമാനമായി തുടരും
February 8, 2024മുംബൈ: റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോ 6.5 ശതമാനമായി തുടരും. തുടർച്ചയായ ആറാം തവണയാണ് അടിസ്ഥാന പലിശനിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിക്കുന്നത്. ആഗോളതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വവും പണപ്പെരുപ്പം നാല് ശതമാനത്തിലേക്കെത്തിക്കുക എന്ന ലക്ഷ്യവും മുൻനിർത്തിയാണ് റിസർവ് ബാങ്ക് (ആർ.ബി.ഐ) തീരുമാനം. ഇതോടെ ബാങ്കുകൾ നൽകുന്ന വായ്പയുടെ പലിശയും നിലവിലെ നിരക്കിൽ തുടരും.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പലിശനിരക്ക് അവസാനമായി ഉയർത്തിയത്. നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ചാണ് നിരക്ക് അതേപടി നിലനിർത്താൻ പണനയ സമിതി (എം.പി.സി) തീരുമാനിച്ചതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 2024-25 സാമ്പത്തിക വർഷം ഏഴ് ശതമാനം സാമ്പത്തിക വളർച്ചയാണ് ആർ.ബി.ഐ ലക്ഷ്യമിടുന്നത്.
നടപ്പ് സാമ്പത്തിക വർഷത്തേക്കാൾ കുറവാണ് ഇത്. ഈ വർഷം മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷം സാമ്പത്തിക വളർച്ച 7.3 ശതമാനമായിരിക്കുമെന്നാണ് ദേശീയ സ്ഥിതിവിവര ഓഫിസ് (എൻ.എസ്.ഒ) കണക്കാക്കുന്നത്. അടുത്ത വർഷം ചില്ലറ പണപ്പെരുപ്പ നിരക്ക് 4.5 ശതമാനത്തിൽ എത്തിക്കാനാണ് ആർ.ബി.ഐ ലക്ഷ്യമിടുന്നത്. നടപ്പ് സാമ്പത്തിക വർഷം ഇത് 5.4 ശതമാനമായിരിക്കും.
ആഭ്യന്തര സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നതായി ആർ.ബി.ഐ ഗവർണർ പറഞ്ഞു.