റിസർവ് ബാങ്ക് ധന അവലോകന നയം ആഗസ്‌റ്റ് എട്ടിന്

റിസർവ് ബാങ്ക് ധന അവലോകന നയം ആഗസ്‌റ്റ് എട്ടിന്

August 6, 2024 0 By BizNews

മുംബൈ: ലോകത്തെ പ്രധാന കേന്ദ്ര ബാങ്കുകളെല്ലാം മുഖ്യ പലിശ നിരക്ക് കുറയ്ക്കാൻ തയ്യാറെടുക്കുമ്പോഴും ഇന്ത്യൻ ഉപഭോക്താക്കൾക്ക് ആശ്വസിക്കാൻ വകയില്ല.

ആഗസ്റ്റ് എട്ടിന് പ്രഖ്യാപിക്കുന്ന ധന അവലോകന നയത്തിലും റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ 6.5 ശതമാനമായി നിലനിറുത്തിയേക്കും.

നാണയപ്പെരുപ്പ ഭീഷണി പൂർണമായും ഒഴിവാകാത്തതിനാൽ വിപണിയിലെ പണലഭ്യത ഉയർത്തുന്ന യാതൊരു നടപടികൾക്കും റിസർവ് ബാങ്ക് തയ്യാറാവില്ലെന്ന് ധനകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ജി.ഡി.പി വളർച്ചാ നിരക്കും നാണയപ്പെരുപ്പവും വ്യാവസായിക ഉത്പാദന സൂചികയിലെ മാറ്റങ്ങളും കണക്കിലെടുത്ത് ഡിസംബറിന് ശേഷം മാത്രമേ പലിശയിൽ മാറ്റം വരുത്താനിടയുള്ളെന്നും അവർ പറയുന്നു.

റിസർവ് ബാങ്കിൽ നിന്നും ബാങ്കുകൾ വാങ്ങുന്ന വായ്‌പകളുടെ പലിശയായ റിപ്പോ നിരക്ക് 2023 ഫെബ്രുവരിക്ക് ശേഷം 6.5 ശതമാനത്തിൽ തുടരുകയാണ്. കാലാവസ്ഥാ വ്യത്യയാനം മൂലം ഉത്പാദനത്തിലെ ഇടിവ് മൂലം ഭക്ഷ്യ ഉത്‌പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായി തുടരുന്നതാണ് റിസർവ് ബാങ്കിന് വെല്ലുവിളി സൃഷ്‌ടിക്കുന്നത്.

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസിന്റെ അദ്ധ്യക്ഷതയിൽ റിസർവ് ബാങ്കിന്റെ പണ അവലോകന നയം ആഗസ്റ്റ് ആറ് മുതൽ എട്ടു വരെ നടക്കും.

‘വ്യാഴാഴ്ച പ്രഖ്യാപിക്കുന്ന ധന അവലോകനത്തിലും റിസർവ് ബാങ്ക് തത്‌സ്ഥിതി തുടരാനാകും തീരുമാനിക്കുക.

നാണയപ്പെടുപ്പം 5.1 ശതമാനമായി ഉയർന്നതാണ് റിസർവ് ബാങ്കിന് വെല്ലുവിളി.’ മദൻ സദ്‌നാവിസ്, ചീഫ് ഇക്കണോമിസ്‌റ്റ്, ബാങ്ക് ഒഫ് ബറോഡ പറഞ്ഞു.

പലിശ കുറയ്ക്കാൻ അമേരിക്ക
അടുത്ത മാസം നടക്കുന്ന ഫെഡറൽ റിസർവിന്റെ യാേഗത്തിൽ അമേരിക്കയിലെ പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചേക്കും. പലിശ നിരക്കിൽ അര ശതമാനം വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകളനുസരിച്ച് അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് രണ്ട് വർഷത്തെ ഉയർന്ന തലത്തിലാണ്. ബാങ്ക് ഒഫ് ഇംഗ്ളണ്ട് മാന്ദ്യം നേരിടുന്നതിന് കഴിഞ്ഞ വാരം പലിശ കുറച്ചിരുന്നു. എന്നാൽ വിലക്കയറ്റം രൂക്ഷമായതോടെ ബാങ്ക് ഒഫ് ജപ്പാൻ പലിശ വർദ്ധിപ്പിച്ചു.

റിപ്പോ നിരക്ക് 6.5 ശതമാനം
നാണയപ്പെരുപ്പം 5.1 ശതമാനം

വെല്ലുവിളി
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമായതോടെ എണ്ണ വില കൂടാനുള്ള സാദ്ധ്യത
കാലാവസ്ഥാ വ്യതിയാനവും ഉത്പാദനത്തിലെ ഇടിവും മൂലം ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കുതിക്കുന്നു.

ഉയർന്ന പലിശ നിരക്ക് മറികടന്നും സാമ്പത്തിക മേഖല മികച്ച വളർച്ച നേടുന്നു.