മ്യൂച്വല്‍ ഫണ്ടിന്റെ വഴിയേ ചെറുകിടക്കാര്‍; നിക്ഷേപം റെക്കോഡ് ഉയരത്തില്‍
October 31, 2024 0 By BizNewsമുംബൈ: വിപണിയിലെ ചാഞ്ചാട്ടം നേട്ടമാക്കാൻ മ്യൂച്വല്‍ ഫണ്ടുകളുടെ വഴിതേടുകയാണ് ചെറുകിട നിക്ഷേപകർ. അതിന് തെളിവാണ് മ്യൂച്വല്‍ ഫണ്ട് എഎംസികളുടെ വിപണി ഇടപെടല്‍.
ഒക്ടോബർ 30 വരെയുള്ള കണക്ക് പ്രകാരം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ഒരു ലക്ഷം കോടി രൂപയിലധികമാണ് രാജ്യത്തെ ഓഹരികളില്‍ നിക്ഷേപം നടത്തിയത്.
വിദേശ നിക്ഷേപകർ പണം പിൻവലിച്ച് പോകുമ്പോഴും രാജ്യത്തെ വൻകിട നിക്ഷേപ സ്ഥാപനങ്ങളുടെ കാര്യമായ ഇടപെടല്‍ പ്രകടമാണ്. 85,000 കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് ഈ കാലയളവില്‍ വിദേശികള്‍ ഇന്ത്യയില്‍നിന്ന് പിൻവലിച്ചത്.
വിദേശ പിന്മാറ്റത്തില്‍ ഒരു പരിധിവിട്ട് രാജ്യത്തെ സൂചികകള്‍ ഇടിയാത്തതിന്റെ കാരണവും അതുതന്നെ.
കോവിഡ് കാലത്തുപോലും വിദേശ നിക്ഷേപകർ ഇത്രയും മൂല്യമുള്ള ഓഹരികള്‍ വിറ്റൊഴിഞ്ഞിട്ടില്ല. 2020 മാർച്ചില്‍ 62,433 കോടിയുടെ നിക്ഷേപമാണ് അവർ പിൻവലിച്ചത്. 2022 ഫെബ്രുവരിയിലും ജൂണിലും യഥാക്രമം 37,689 കോടിയും 49,468 കോടിയും മൂല്യമുള്ള ഓഹരികളായിരുന്നു കയ്യൊഴിഞ്ഞത്.
രാജ്യത്തെ വിപണിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും തുകയുടെ നിക്ഷേപ ഡിഐഐഎസ് നടത്തുന്നത്. ഇതിന് മുമ്പ് 2024 മാർച്ചില്‍ 56,356 കോടി രൂപ നിക്ഷേപിച്ചതായിരുന്നു പ്രതിമാസ ഉയർന്ന തുക. കഴിഞ്ഞ മെയ് മാസത്തിലാകട്ടെ 55,740 കോടി രൂപയുടെ നിക്ഷേപം നടത്തിയതായും കാണാം.
റിട്ടയർമെന്റ് ഫണ്ട്, ഇൻഷുറൻസ് എന്നിവയോടൊപ്പം മ്യൂച്വല്‍ ഫണ്ടിലേക്കുള്ള എസ്‌ഐപി വരവാണ് അനസ്യൂതമായുള്ള പണമൊഴിക്കിന് കാരണം.
വെല്ലുവിളികള്‍ക്കിടയിലും വിപണി തരക്കേടില്ലാത്ത മുന്നേറ്റം സമീപ ഭാവിയില്‍ നടത്തുമെന്നാണ് വിലയിരുത്തല്‍. ഉത്സവകാലം, മെച്ചപ്പെട്ട മണ്‍സൂണ്‍, ഗ്രാമീണ ഉപഭോഗത്തിലെ വർധന, ആഗോളതലത്തില്‍ കേന്ദ്ര ബാങ്കുകളുടെ നിരക്ക് കുറയ്ക്കല്‍ എന്നിവയെല്ലാം വിപണിക്ക് അനുകൂലമാണ്.
അതേസമയം, ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഇന്ത്യൻ ഓഹരികളിലെ ഉയർന്ന മൂല്യവും സെപ്റ്റംബർ പാദത്തിലെ ദുർബലമായ പ്രവർത്തന ഫലങ്ങളും സമീപകാലയളവില്‍ വിപണിക്ക് ഭീഷണി ഉയർത്തുന്നുണ്ട്.