ഫോര്‍ട്ട് കൊച്ചി ടൂറിസം കര്‍മപദ്ധതിയ്ക്ക് 2.82 കോടിയുടെ ഭരണാനുമതി

ഫോര്‍ട്ട് കൊച്ചി ടൂറിസം കര്‍മപദ്ധതിയ്ക്ക് 2.82 കോടിയുടെ ഭരണാനുമതി

July 11, 2024 0 By BizNews

കൊച്ചി: പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഫോര്‍ട്ട് കൊച്ചിയില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള കര്‍മപദ്ധതിയ്ക്ക് 2.82 കോടി രൂപയുടെ ഭരണാനുമതി. ഈയാഴ്ച ചേര്‍ന്ന വകുപ്പുതല വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിലാണ് ‘ഫോര്‍ട്ട് കൊച്ചിയില്‍ വിനോദ സഞ്ചാരമേഖലയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുള്ള കര്‍മ പദ്ധതിക്ക് 2,82,08,000 രൂപയുടെ അനുമതി നല്‍കിയത്.

ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമെന്ന നിലയില്‍ ഫോര്‍ട്ട് കൊച്ചിയിലെത്തുന്ന സന്ദര്‍ശകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി മെച്ചപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഫോര്‍ട്ട് കൊച്ചിയുടെ പ്രൗഢിയും പാരമ്പര്യവും ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്കായി പാകിയ നടപ്പാതകളും രാജ്യാന്തര നിലവാരമുള്ള സൈനേജുകളും അടക്കമുള്ള സൗകര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും.

കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് കര്‍മപദ്ധതി തയ്യാറാക്കിയത്. അംഗീകൃത ഏജന്‍സികള്‍ മുഖേന 18 മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കും.

ഫോര്‍ട്ട് കൊച്ചിയില്‍ ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കര്‍മപദ്ധതിയിലൂടെ ലക്ഷ്യമിടുന്നെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഫോര്‍ട്ട് കൊച്ചിയില്‍ ചരിത്ര പ്രധാനമായ പൈതൃക നിര്‍മിതികള്‍ സംരക്ഷിക്കുന്നതിനൊപ്പം അവിടേക്കെത്തുന്ന സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങള്‍ നല്കാന്‍ നവീകരണ പ്രവൃത്തികളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൈറ്റ് തയ്യാറാക്കല്‍, ലാന്‍ഡ്സ്കേപ്പിംഗ്, നടപ്പാതകള്‍ സ്ഥാപിക്കല്‍, ഇരിപ്പിടങ്ങള്‍ സ്ഥാപിക്കല്‍,  വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍, കെട്ടിടങ്ങളുടേയും തെരുവിലെ കലാശില്പങ്ങളുടേയും നവീകരണം എന്നിവയുള്‍പ്പെടെ ബീച്ചുമായി ബന്ധപ്പെട്ട എല്ലാ മേഖലകളുടെയും വികസനമാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നത്.