ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരും

ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരും

July 4, 2024 0 By BizNews

തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍. നിയമ വകുപ്പിന്റെ അഭിപ്രായവും നിലവിലുള്ള കേസുകളും പരിഗണിച്ചാകും ചട്ടങ്ങള്‍ തയാറാക്കുക. പട്ടയഭൂമിയിലെ കെട്ടിടങ്ങള്‍ നിയമവിധേയമാക്കാന്‍ ജനങ്ങളില്‍ നിന്നും ഫീസ് ഈടാക്കില്ലെന്നും മന്ത്രി കെ.രാജന്‍ പറഞ്ഞു.

ഭൂപതിവ് നിയമം അനുസരിച്ച് പതിച്ചുനല്‍കിയ ഭൂമിയില്‍ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. ഇതു മറികടക്കാനാണ് നിയമഭേദഗതി. ബില്ലിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതോടെ ചട്ട നിര്‍മ്മാണത്തിലേക്ക് കടക്കും.

നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരുമെന്നും നിലവിലുള്ള കേസുകള്‍ കൂടി പരിണിച്ചാകും പുതിയ ചട്ടങ്ങളെന്നും റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞു.

കെട്ടിടങ്ങള്‍ നിയമവിധേയമാക്കാന്‍ ഫീസ് ഈടാക്കില്ല. ഇതു സര്‍ക്കാരിന്റെ താല്‍പര്യമാണ്. വീടു നിര്‍മ്മാണത്തിനും കൃഷിക്കുമായി പതിച്ചു നല്‍കിയ ഭൂമിയില്‍ ജീവനോപാധിക്കായി നടത്തിയ നിര്‍മ്മാണങ്ങള്‍ ഹൈക്കോടതി വിധിയോടെ അനധികൃതമായി മാറി.

ഇതു പതിനായിരക്കണക്കിനാളുകളുടെ പ്രതിസന്ധിയിലാക്കി. ഇടുക്കി, വയനാട് തുടങ്ങിയ മലയോരമേഖലകളില്‍ ജനജീവിതം ബുദ്ധിമുട്ടിലായ സാഹചര്യത്തിലാണ് നിയമഭേദഗതിക്ക് തീരുമാനിച്ചത്.