ജിയോ നിരക്കുകള്‍ വര്‍ധിപ്പിച്ചത് നേട്ടമായി; 21 ലക്ഷം കോടി വിപണി മൂല്യം പിന്നിട്ട് റിലയന്‍സ്
June 28, 2024 0 By BizNewsമുംബൈ: വിപണി മൂല്യം 21 ലക്ഷം കോടി രൂപ പിന്നിടുന്ന രാജ്യത്തെ ആദ്യത്തെ കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ്. രാവിലത്തെ വ്യാപാരത്തിനിടെ ഓഹരി വിലയിൽ 1.5 ശതമാനം വർധനവുണ്ടായതോടെയാണ് ഈ നേട്ടം റിലയൻസ് സ്വന്തമാക്കിയത്. 3,129 രൂപ നിലവാരത്തിലാണ് ഓഹരിയിൽ വ്യാപാരം നടന്നത്.
മൊബൈൽ നിരക്കുകൾ ജിയോ വർധിപ്പിച്ചതാണ് കമ്പനി നേട്ടമാക്കിയത്. നടപ്പ് കലണ്ടർ വർഷം റിലയൻസിന്റെ ഓഹരി വിലയിൽ 21 ശതമാനം വർധനവുണ്ടായി. സെൻസെക്സാകട്ടെ ഈ കാലയളവിൽ 10 ശതമാനമാണ് ഉയർന്നത്.
ഒരു വർഷത്തിനിടെ 36 ശതമാനം നേട്ടം റിലയൻസ് നിക്ഷേപകർക്ക് നൽകിയപ്പോൾ സെൻസെക്സ് ഉയർന്നത് 25 ശതമാനം മാത്രമാണ്. കഴിഞ്ഞ രണ്ട് മാസവും റിലയൻസിന്റെ ഓഹരി വിലയിൽ ഇടിവുണ്ടായിരുന്നു.
ബ്രോക്കിങ് കമ്പനികളും വിശകലന വിദഗ്ധരും റിലയൻസിന്റെ ഓഹരിയിൽ ഇനിയും മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ടെലികോം വിഭാഗമായ ജിയോ മൊബൈൽ താരിഫിൽ 27 ശതമാനംവരെ വർധന വരുത്തിയത് കമ്പനിയുടെ വരുമാനം വർധിക്കുമെന്ന പ്രതീക്ഷയിലാണിത്.
ആഗോള നിക്ഷേപ സ്ഥാപനമായ ജെഫ്രീസ് റിലയൻസിന്റെ ലക്ഷ്യ വില 3,380 രൂപയിൽ നിന്ന് 3,580 രൂപയായി ഉയർത്തിയിരുന്നു. വ്യാഴാഴ്ചയിലെ ക്ലോസിങ് നിരക്കിനേക്കാൾ 17 ശതമാനമാണ് ലക്ഷ്യവിലയിൽ വർധനവരുത്തിയത്.