ടി.വി അവതാരകൻ പ്രദീപ് പാണ്ഡ്യക്ക് അഞ്ച് വർഷത്തെ സെബി വിലക്ക്; 2.6 കോടി പിഴ

ടി.വി അവതാരകൻ പ്രദീപ് പാണ്ഡ്യക്ക് അഞ്ച് വർഷത്തെ സെബി വിലക്ക്; 2.6 കോടി പിഴ

June 12, 2024 0 By BizNews

ന്യൂഡൽഹി: ടി.വി അവതാരകൻ പ്രദീപ് പാണ്ഡ്യയെ അഞ്ച് വർഷത്തേക്ക് ഓഹരി വിപണിയിൽ നിന്നും വിലക്കി സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. 2.6 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഓഹരി വിപണിയിലെ ​കൃത്രിമവുമായി ബന്ധപ്പെട്ടാണ് നടപടി. പാണ്ഡ്യക്ക് പുറമേ അൽപേഷ് ഫുരിയ, മനീഷ് ഫൂരിയ, അൽപ ഫൂരിയ, അൽപേഷ് വസാൻജി ഫുരിയ, മനീഷ് വി ഫുരിയ, മഹാൻ ഇൻവെസ്റ്റ്മെന്റ്, തോഷി ട്രേഡ് എന്നിവർക്കാണ് വിലക്ക്.

സി.എൻ.ബി.സി ആവാസിൽ 2021 ആഗസ്റ്റ് വരെ പ്രദീപ് പാണ്ഡ്യ ഓഹരി വിപണിയുമായി ബന്ധപ്പെട്ട പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ചാനലിൽ ഒരിക്കൽ അതിഥിയായി എത്തിയ അൽപേഷ് ഫുരിയ പ്രദീപ് പാണ്ഡ്യയുമായി ബന്ധം സ്ഥാപിക്കുകയും അയാളുടെ പരിപാടിയിൽ അവതരിപ്പിക്കുന്ന ഓഹരികളുമായി ബന്ധപ്പെട്ടുള്ള ശിപാർശകൾ നേരത്തെ മനസിലാക്കുകയും ഇതിനനുസരിച്ച് വ്യാപാരം നടത്തുകയും ചെയ്തുവെന്നാണ് സെബി പറയുന്നത്.2019 നവംബർ മുതൽ 2021 ജനുവരി വരെ ഇത്തരത്തിൽ ടി.വി പരിപാടിയിൽ അവതരിപ്പിക്കുന്ന ഓഹരി ശിപാർശകൾ നേരത്തെ മനസിലാക്കി ഇയാൾ വലിയ ലാഭമുണ്ടാക്കിയെന്നാണ് ഇതുമായി ബന്ധപ്പെട്ട 55 പേജുള്ള ഉത്തരവിൽ സെബി വ്യക്തമാക്കുന്നത്.

2020 ഡിസംബറിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സെബിക്ക് കൈമാറിയിരുന്നു. തുടർന്ന് സെബി നടത്തിയ വിശദമായ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇത്തരത്തിലുള്ള വ്യാപാരം സെബി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഏജൻസിയുടെ നടപടി.

പാണ്ഡ്യക്കും അൽപേഷ് ഫുരിയക്കും ഒരു കോടി രൂപ വീതമാണ് സെബി പിഴ ചുമത്തിയത്. ഫുരിയയുമായി ബന്ധപ്പെട്ട ആറ് സ്ഥാപനങ്ങൾക്ക് 10 ലക്ഷം രൂപയും പിഴ ചുമത്തി.