ഇൻഫോസിസിന് 82 ലക്ഷത്തിലധികം രൂപ പിഴ ചുമത്തി കാനഡ

ഇൻഫോസിസിന് 82 ലക്ഷത്തിലധികം രൂപ പിഴ ചുമത്തി കാനഡ

May 16, 2024 0 By BizNews

ഒട്ടാവ: ഇന്ത്യൻ ഐ.ടി കമ്പനിയായ ഇൻഫോസിസിന് കാന‍ഡയിൽ 82 ലക്ഷം രൂപയുടെ പിഴ ചുമത്തിയെന്ന് റിപ്പോർട്ട്. ജീവനക്കാരുടെ ഹെൽത്ത് ടാക്സ് അടച്ചതിൽ കുറവുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കാനഡയിൽ 2020 ഡിസംബർ 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ കണക്കുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് 1.34 ലക്ഷം കാനേഡിയൻ ഡോളർ പിഴ ചുമത്തിയിരിക്കുന്നത്.

കാനേഡിയൻ ധനകാര്യ മന്ത്രാലയത്തിൽ നിന്ന് ഇൻഫോസിസിന് കഴിഞ്ഞയാഴ്ച തന്നെ പിഴ സംബന്ധിച്ച ഉത്തരവ് ലഭിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതുപ്രകാരം ആകെ 1,34,822.38 കനേഡിയൻ ഡോളറിന്റെ പിഴയാണ് ബംഗളുരു ആസ്ഥാനമായ ഇൻഫോസിസിന് മേൽ ചുമത്തിയിരിക്കുന്നത്.

ജീവനക്കാരുടെ ഹെൽത്ത് ടാക്സ് അടച്ചതിൽ കുറവുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. അതേസമയം ഈ പിഴ കമ്പനിയുടെ ഏതെങ്കിലും പ്രവർത്തനത്തെയോ ധനകാര്യ സ്ഥിതിയെയോ ബാധിക്കില്ലെന്ന് ഇൻഫോസിസ് അറിയിച്ചു.

കാനഡയിൽ വിവിധ സ്ഥലങ്ങളിൽ ഓഫീസുകൾ ഉൾപ്പെടെ വിപുലമായ സാന്നിദ്ധ്യം ഇൻഫോസിസിനുണ്ട്.

കാനഡയിലെ ചില പ്രവിശ്യകളിൽ ജീവനക്കാരിൽ നിന്ന് നിർബന്ധപൂർവം ഈടാക്കുന്ന നികുതിയാണ് എംപ്ലോയി ഹെൽത്ത് ടാക്സ്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഇത് കണക്കാക്കുന്നത്.

മെഡിക്കൽ സംവിധാനങ്ങൾക്കുള്ള ചെലവിനത്തിലേക്കാണ് ഈ നികുതി വരുമാനം എത്തുന്നത്. തൊഴിലാളികളുടെ ശമ്പളം അടിസ്ഥാനപ്പെടുത്തി തൊഴിലുടമയാണ് ഈ നികുതി സർക്കാറിലേക്ക് അടയ്ക്കേണ്ടത്.