കെ.എസ്.ആർ.ടി.സി ബസ്സ്റ്റേഷനുകളില്‍ റസ്റ്റാറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും വരുന്നു
May 17, 2024തിരുവനന്തപുരം: ബസ് സർവിസുകൾക്കപ്പുറം വരുമാന വർധനക്കുള്ള പുതിയ മാർഗങ്ങൾ പരീക്ഷിച്ച് കെ.എസ്.ആർ.ടി.സി. വിവിധ ഡിപ്പോകളില്‍ റസ്റ്റാറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും സജ്ജമാക്കാനാണ് പദ്ധതി. രണ്ടും യാത്രക്കാർക്ക് സൗകര്യപ്രദമായിരിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ദീർഘദൂര യാത്രക്കിടയില്‍ വിവിധ ഡിപ്പോകളിൽ നിര്‍ത്തുന്ന ബസിലെ യാത്രക്കാര്‍ക്ക് ഇത്തരം റസ്റ്റാറന്റുകളിൽനിന്ന് ഭക്ഷണം കഴിക്കാനും മിനി സൂപ്പര്‍മാര്‍ക്കറ്റുകളിൽനിന്ന് അവശ്യസാധനങ്ങള്‍ വാങ്ങാനുമുള്ള സൗകര്യം ഒരുക്കും. ആദ്യഘട്ടത്തില്‍ 14 ബസ് സ്റ്റേഷനുകളാണ് ഇതിനായി തെരഞ്ഞെടുത്തത്. വൈകാതെ മറ്റു സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. ഇതിനായി താൽപര്യപത്രം ക്ഷണിച്ചു.
ഭക്ഷ്യ സുരക്ഷാനിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി വെജ്-നോണ്‍ വെജ്, എ.സി- നോണ്‍ എ.സി റസ്റ്റാറന്റുകള്‍ പ്രവര്‍ത്തിപ്പിക്കാം. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വികലാംഗര്‍ക്കും പ്രത്യേകം ശൗചാലയ സൗകര്യം ഉറപ്പാക്കും. ഉച്ചക്ക് ഊണ് ഒരു വിഭവമായി ഉള്‍പ്പെടുത്തും. നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി ലൈസന്‍സ് കാലയളവ് അഞ്ചു വര്‍ഷമാക്കും. ആദ്യഘട്ടത്തിൽ മിനി സൂപ്പർമാർക്കറ്റുകളും റസ്റ്റാറന്റുകളും തുടങ്ങുന്ന ബസ് സ്റ്റേഷനുകൾ: അടൂര്‍, കാട്ടാക്കട, പാപ്പനംകോട്, പെരുമ്പാവൂര്‍, എടപ്പാള്‍, ചാലക്കുടി, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ചാത്തന്നൂര്‍, അങ്കമാലി, ആറ്റിങ്ങല്‍, മൂവാറ്റുപുഴ, കായംകുളം, തൃശൂര്‍.
ഇതോടൊപ്പം കെ.എസ്.ആർ.ടി.സി ബസുകളിൽ ലഘുഭക്ഷണ വിതരണ സംവിധാനവും നടപ്പാക്കും. ഇതിന്റെ ഭാഗമായി ബസുകളിൽ ഷെൽഫുകൾ, വെൻഡിങ് മെഷീനുകൾ എന്നിവ സ്ഥാപിച്ച് ലഘുഭക്ഷണം വിതരണം ചെയ്യാനും താൽപര്യപത്രം ക്ഷണിച്ചു. ലഘുഭക്ഷണങ്ങൾ പായ്ക്ക് ചെയ്തതും ബസിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമാകണം. ബസുകൾക്കുള്ളിൽ ഷെൽഫ്/ വെൻഡിങ് മെഷീൻ സ്ഥാപിക്കുന്നതിനുള്ള സ്ഥല സൗകര്യം കെ.എസ്.ആർ.ടി.സി നൽകും.