ഹാൽദിറാം വാങ്ങാനുള്ള നീക്കവുമായി വിദേശ കൺസോട്യം; 8.5 ബില്യൺ ഡോളറിന് 76 ശതമാനം ഓഹരി വാങ്ങും

ഹാൽദിറാം വാങ്ങാനുള്ള നീക്കവുമായി വിദേശ കൺസോട്യം; 8.5 ബില്യൺ ഡോളറിന് 76 ശതമാനം ഓഹരി വാങ്ങും

May 15, 2024 0 By BizNews

ഇന്ത്യയിലെ പ്രമുഖ ഫുഡ് ബ്രാൻഡായ ഹാൽദിറാമിനെ വാങ്ങാനുള്ള നീക്കവുമായി വിദേശകൺസോട്യം. കമ്പനിയിലെ 76 ശതമാനം ഓഹരികൾ വാങ്ങാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. 1937ൽ രാജസ്ഥാനിലെ ബിക്കാനീറിൽ ആരംഭിച്ച കമ്പനിയുടെ ഓഹരി വാങ്ങുന്നതിനായി കൺസോട്യം താൽപര്യപത്രം നൽകിയെന്നാണ് വിവരം.

പ്രമുഖ ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്സ്റ്റോൺ, അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, സിംഗപ്പൂരിൽ നിന്നുള്ള ജി.ഐ.സി എന്നിവരുൾപ്പെട്ട കൺസോട്യമാണ് ഹാൽദിറാം വാങ്ങാനുള്ള നീക്കങ്ങൾക്ക് പിന്നിൽ. അതേസമയം, വാർത്തകളോട് ഹാൽദിറാമോ കൺസോട്യത്തിൽ ഉൾപ്പെട്ട കമ്പനികളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹാൽദിറാമിന് നാഗ്പൂർ ആസ്ഥാനമാക്കിയും ഡൽഹി ആസ്ഥാനമാക്കിയും രണ്ട് വിഭാഗങ്ങളുണ്ട്. അഗർവാൾ കുടുംബമാണ് കമ്പനിയുടെ ഉടമസ്ഥർ. ഹാൽദിറാം ഫുഡിനെ നയിക്കുന്നത് നാഗ്പൂർ ആസ്ഥാനമാക്കിയുള്ള വിഭാഗമാണ്. സ്നാക്ക്സ് നിർമാണവും വിതരണവുമാണ് ഡൽഹി ആസ്ഥാനമാക്കിയുള്ള വിഭാഗം നിർവഹിക്കുക.

നാഗ്പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹാൽദിറാമി​ന് സാമ്പത്തിക വർഷത്തിൽ 3,622 കോടി വരുമാനം ലഭിച്ചിരുന്നു. ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹാൽദിറാമിന് 5600 കോടിയാണ് വരുമാനം. ഇതിന് മുമ്പ് നിരവധി കമ്പനികൾ ഹാൽദിറാമിനെ ഏറ്റെടുക്കാൻ നീക്കം നടത്തിയിരുന്നു.