ഫെഡറല്‍ ബാങ്ക് ലാഭത്തില്‍ 24 ശതമാനം വർധന
May 3, 2024കൊച്ചി: 2024 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 4,61,937 കോടിയായി ഉയര്‍ന്നു. അറ്റ പലിശവരുമാനം 14.97 ശതമാനം എന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയോടെ 2195.11 കോടിയിലെത്തി. അറ്റാദായത്തിലും ബാങ്ക് മികച്ച നേട്ടം കൈവരിച്ചു. 906.30 കോടിയാണ് അറ്റാദായം. മൊത്തം ബിസിനസ് 19.11 ശതമാനം വര്‍ധിച്ചു.
മുന്‍വര്‍ഷം ഇതേ പാദത്തില്‍ 2,13,386.04 കോടിയായിരുന്ന നിക്ഷേപം 18.35 ശതമാനം വര്‍ധനയോടെ 2,52,534.02 കോടിയായി. ലാഭത്തില്‍ 24 ശതമാനം വർധനയുണ്ട്. വായ്പാവിതരണത്തിലും മികച്ച വളര്‍ച്ച കൈവരിച്ചു. ആകെ വായ്പ മുന്‍വര്‍ഷത്തെ 1,74,446.89 കോടിയില്‍നിന്ന് 2,09,403.34 കോടിയായി വര്‍ധിച്ചു. 20.04 ശതമാനമാണ് വളര്‍ച്ചാനിരക്ക്. റീട്ടെയല്‍ വായ്പകള്‍ 20.07 ശതമാനം വര്‍ധിച്ച് 67,435.34 കോടിയായി.
വാണിജ്യ ബാങ്കിങ് വായ്പകള്‍ 26.63 ശതമാനം വര്‍ധിച്ച് 21,486.65 കോടിയിലും കോര്‍പറേറ്റ് വായ്പകള്‍ 11.97 ശതമാനം വര്‍ധിച്ച് 73,596.09 കോടിയിലും ബിസിനസ് ബാങ്കിങ് വായ്പകള്‍ 21.13 ശതമാനം വര്‍ധിച്ച് 17,072.58 കോടിയിലുമെത്തി. സ്വര്‍ണവായ്പകള്‍ 27.14 ശതമാനം വളര്‍ച്ചയോടെ 25,000 കോടിയെന്ന നാഴികക്കല്ല് കടന്നു. അറ്റപലിശ വരുമാനം 14.97 ശതമാനം വര്‍ധനയോടെ 2195.11 കോടിയിലെത്തി.