ഇന്ത്യയുടെ വളർച്ച 6.8 ശതമാനമാകുമെന്ന് ഐഎംഎഫ്
April 17, 2024 0 By BizNewsവാഷിങ്ടൺ: ഇന്ത്യയുടെ വളർച്ചാ അനുമാനം ഉയർത്തി ഐ.എം.എഫ്. 6.5 ശതമാനത്തിൽ നിന്നും 6.8 ശതമാനമായാണ് 2024ലെ വളർച്ചാ അനുമാനം ഉയർത്തിയത്.
ആഭ്യന്തര വിപണിയിലെ ആവശ്യകത വർധിച്ചതും ജോലി ചെയ്യുന്ന ജനവിഭാഗത്തിന്റെ എണ്ണത്തിലുണ്ടായ വർധനയും ഇന്ത്യക്ക് ഗുണകരമാവുമെന്നാണ് ഐ.എം.എഫ് കണക്കുകൂട്ടൽ.
ഇതോടെ ലോകത്തെ അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ തുടരും. ഇക്കാലയളവിൽ ചൈനീസ് സമ്പദ്വ്യവസ്ഥ 4.6 ശതമാനം നിരക്കിൽ വളരുമെന്നാണ് ഐ.എം.എഫ് പ്രവചനം.
2024ൽ 6.8 ശതമാനവും 2025ൽ 6.5 ശതമാനവും വളർച്ച ഇന്ത്യക്കുണ്ടാവുമെന്നാണ് ഐ.എം.എഫിന്റെ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്കിൽ പറയുന്നത്.
അതേസമയം, ചൈനക്ക് 2024ൽ 4.6 ശതമാനം വളർച്ച മാത്രമാണ് ഉണ്ടാവുക. 2025ൽ ചൈനയുടെ വളർച്ചാ നിരക്ക് 4.1 ശതമാനമായി കുറയും. ആഗോള സമ്പദ്‍വ്യവസ്ഥയിൽ 3.2 ശതമാനം വളർച്ചയാണ് 2024,2025 വർഷങ്ങളിൽ ഉണ്ടാവുകയെന്നും ഐ.എം.എഫ് പ്രവചിക്കുന്നു.
വിവിധ രാജ്യങ്ങൾ സർക്കാറിന്റെ ധനകാര്യമാനേജ്മെന്റ് മെച്ചപ്പെടുത്തണമെന്ന് ഐ.എം.എഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് പിയറി ഒലിവിയർ ഗൗറിഞ്ചാസ് നിർദേശിച്ചിട്ടുണ്ട്.
ആഗോള സമ്പദ്‍വ്യവസ്ഥയിൽ സുസ്ഥിരമായ വളർച്ച വരും വർഷങ്ങളിൽ കൈവരിക്കും.
പണപ്പെരുപ്പം കുറയുന്നതും ആശ്വാസകരമാണ്. കോവിഡിനെ തുടർന്ന് വിതരണ സംവിധാനങ്ങളിലുണ്ടായ തകർച്ചയും റഷ്യ-യുക്രെയ്ൻ യുദ്ധം ഉണ്ടാക്കിയ ഊർജ-ഭക്ഷ്യ പ്രതിസന്ധിയുമാണ് ആഗോള സമ്പദ്‍വ്യവസ്ഥയിലെ തിരിച്ചടിക്കുള്ള കാരണമെന്നും ഐ.എം.എഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് പറഞ്ഞു.