ഭാരതി ഹെക്‌സാകോം 32% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

ഭാരതി ഹെക്‌സാകോം 32% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

April 12, 2024 0 By BizNews

ഭാരതി ഹെക്‌സാകോമിന്റെ ഓഹരികള്‍ ഇന്ന്‌ 32.45 ശതമാനം പ്രീമിയത്തോടെ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്‌തു. 570 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഭാരതി ഹെക്‌സാകോം ബിഎസ്‌ഇയില്‍ 755.2 രൂപയിലും എന്‍എസ്‌ഇയില്‍ 755 രൂപയിലുമാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌.

പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ലിസ്റ്റിംഗാണ്‌ ഭാരതി ഹെക്‌സാകോം കാഴ്‌ച വെച്ചത്‌. കമ്പനിയുടെ ഓഹരികള്‍ 15 ശതമാനം പ്രീമിയത്തോടെയാണ്‌ ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്‌തിരുന്നത്‌.

ലിസ്റ്റിംഗിനു ശേഷം ഓഹരി വില 824.70 രൂപ വരെ ഉയര്‍ന്നു. ഇഷ്യു വിലയില്‍ നിന്നും 45 ശതമാനം വരെയാണ്‌ ഇന്ന്‌ ഓഹരി മുന്നേറിയത്‌. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നടക്കുന്ന ആദ്യത്തെ ലിസ്റ്റിംഗ്‌ ആണ്‌ ഇത്‌. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ലിസ്റ്റിംഗ്‌ ഐപിഒ വിപണിക്ക്‌ നവോന്മേഷം പകരുന്ന ഘടകമാണ്‌.

ഐപിഒ വഴി കമ്പനിയുടെ ഏക പൊതു ഓഹരി ഉടമസ്ഥരായ ടെലികമ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റ്‌ ഇന്ത്യയുടെ കൈവശമുള്ള 7.5 കോടി ഓഹരികളാണ്‌ വിറ്റഴിച്ചത്‌. ഇത്‌ കമ്പനിയുടെ 15 ശതമാനം ഓഹരികള്‍ വരും.

കമ്പനിയുടെ 70 ശതമാനം (35 കോടി) ഓഹരികള്‍ ഭാരതി എയര്‍ടെല്ലും ബാക്കി 30 ശതമാനം (ഏകദേശം 15 കോടി) ടെലികമ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റ്‌സ്‌ ഇന്ത്യയുമാണ്‌ കൈവശം വെക്കുന്നത്‌.

എയര്‍ടെല്‍ ബ്രാന്റിന്‌ കീഴിലായി രാജസ്ഥാന്‍, നോര്‍ത്ത്‌ ഈസ്റ്റ്‌ സര്‍ക്കിളുകളില്‍ കണ്‍സ്യൂമര്‍ മൊബൈല്‍, ഫിക്‌സഡ്‌ ലൈന്‍ ടെലഫോണ്‍, ബ്രോഡ്‌ബാന്റ്‌ തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ്‌ ഭാരതി ഹെക്‌സാകോം.

അരുണാചല്‍ പ്രദേശ്‌, മണിപ്പൂര്‍, മേഘാലയ, മിസ്സോറാം, നാഗാലാന്റ്‌, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്‌ നോര്‍ത്ത്‌ ഈസ്റ്റ്‌ സര്‍ക്കിളില്‍ ഉള്‍പ്പെടുന്നത്‌. രണ്ട്‌ സര്‍ക്കിളുകളിലുമായി 2.91 കോടി ഉപയോക്താക്കളാണ്‌ കമ്പനിക്കുള്ളത്‌.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ 549.2 കോടി രൂപയാണ്‌ കമ്പനിയുടെ ലാഭം. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭത്തില്‍ 67.2 ശതമാനം ഇടിവുണ്ടായി. അതേ സമയം 2.17 ശതമാനം വളര്‍ച്ചയോടെ 6579 കോടി രൂപ വരുമാനം കൈവരിച്ചു.

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള കാലയളവില്‍ 69.1 കോടി രൂപയാണ്‌ ലാഭം. 64.6 ശതമാനം ഇടിവ്‌ ലാഭത്തിലുണ്ടായി. എട്ട്‌ ശതമാനം വളര്‍ച്ചയോടെ 3420 കോടി രൂപ വരുമാനം നേടി.