ഓഹരി വിപണികൾ നഷ്ടത്തോടെ വ്യാപാരം തുടങ്ങി; സെൻസെക്സ് 400 പോയിന്റ് താഴ്ന്നു

ഓഹരി വിപണികൾ നഷ്ടത്തോടെ വ്യാപാരം തുടങ്ങി; സെൻസെക്സ് 400 പോയിന്റ് താഴ്ന്നു

April 12, 2024 0 By BizNews

മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ബോംബെ സൂചിക സെൻസെക്സിൽ 400 പോയിന്റ് നഷ്ടമാണ് രേഖപ്പെടുത്തിയത്. 74,674 പോയിന്റിലാണ് 10.56ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 96 പോയിന്റ് ഇടിഞ്ഞ് 22,700 പോയിന്റിന് താഴെയെത്തി. യു.എസിന്റെ പണപ്പെരുപ്പം സംബന്ധിച്ച കണക്കുകൾ ഇന്ത്യൻ വിപണിയെ സ്വാധീനിച്ചുവെന്ന് വേണം വിലയിരുത്താൻ.

യു.എസിലെ പണപ്പെരുപ്പം സംബന്ധിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഉപഭോക്തൃ വിലയിൽ 3.5 ശതമാനത്തിന്റെ വർധനയുണ്ടായിട്ടുണ്ട്. ഇതുമൂലം ഫെഡറൽ റിസർവ് ജൂണിൽ പലിശനിരക്കുകൾ കുറക്കാൻ സാധ്യതയില്ല. ജൂണിലും യു.എസ് കേന്ദ്രബാങ്ക് തൽസ്ഥിതി തുടരാനാണ് സാധ്യത. കുറച്ച് കാലത്തേക്ക് കൂടി യു.എസിലെ പലിശനിരക്കുകൾ ഉയർന്ന് തന്നെയിരിക്കും. ഇതിന് പുറമേ ഈ വർഷം രണ്ട് തവണ മാത്രമേ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കുവെന്ന റിപ്പോർട്ടുകളും വിവിധ രാജ്യങ്ങളിലെ ഓഹരി വിപണികളെ സ്വാധീനിക്കുന്നുണ്ട്.

ഇന്ത്യൻ വിപണിയിൽ വോഡഫോൺ ഐഡിയക്ക് വലിയ നഷ്ടം നേരിട്ടു. ഈ മാസം അവസാനം ഓഹരി വിൽപനയിലൂടെ 18,000 കോടി സ്വരൂപിക്കാൻ ഒരുങ്ങുകയാണെന്ന വോഡഫോൺ ഐഡിയയുടെ പ്രഖ്യാപനം തന്നെയാണ് അവർക്ക് തിരിച്ചടിയുണ്ടാക്കിയത്. അഞ്ച് ശതമാനം നഷ്ടത്തോടെയാണ് വിപണിയിൽ വോഡഫോൺ ഐഡിയ ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം, ഇന്ത്യയിലെ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം അഞ്ച് ശതമാനത്തിനും താഴെ വരുമെന്ന റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നു. ഐ.ടി ഭീമനായ ടി.സി.എസിന്റെ നാലാംപാദ ഫലങ്ങൾ ഇന്ന് പുറത്ത് വരും. ടി.സി.എസിന്റെ ഓഹരി വിലയെ വരും ദിവസങ്ങളിൽ നാലാംപാദ ഫലങ്ങൾ സ്വാധീനിക്കും.